ഹെൽമെറ്റിനുള്ളിൽ വച്ച് ചാർജ് ചെയ്ത മൊബൈൽ ഉപയോഗം; ‘അതിസാമർത്ഥ്യം’ അപകടമെന്ന് മോട്ടോർ വാഹന വകുപ്പ്വാഹനം ഓടിക്കുന്നതിനിടയിലെ അപകടകരമായ മൊബൈൽ ഫോൺ ഉപയോഗത്തിനെതിരെ കർശന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ് (MVD). ഫോൺ കയ്യിൽ പിടിച്ചു സംസാരിക്കുന്നത് ഒഴിവാക്കിയാൽ സുരക്ഷിതരായി എന്ന് കരുതുന്നവർക്കുള്ള താക്കീതാണ് എംവിഡിയുടെ പുതിയ ഫേസ്ബുക്ക് കുറിപ്പ്.മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ കുറിപ്പിന്റെ പൂർണരൂപംസത്യസന്ധമായി പറയുകയാണെങ്കിൽ ഈ ടെക്നോളജി പ്രയോഗിക്കാത്ത ഇരുചക്രവാഹന ഡ്രൈവർമാർ കുറവായിരിക്കും. കയ്യിൽ മൊബൈൽ പിടിച്ച് സംസാരിക്കുന്നത് മാത്രമാണ് പ്രശ്നമെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന “സമർത്ഥ”രാണ് ആൺപെൺ ഭേദമെന്യേ ഇത്തരം പ്രവർത്തികളിൽ ഏർപെടുന്നത് എന്ന കാര്യത്തിൽ തർക്കമില്ല. ഓടുന്ന ഇരു ചക്ര വാഹനത്തിൽ, ചാർജ് ചെയ്തു കൊണ്ടിരിക്കുന്ന മൊബൈലിൽ സംസാരിക്കുന്ന വ്യക്തിയുടെ ഉത്തരവാദിത്വബോധത്തെ എന്ത് പേരിട്ട് വിളിക്കും..!!!ചെവിക്കുള്ളിൽ വച്ച ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഹെൽമറ്റ് കൊണ്ട് മറച്ച് അതിസാമർത്ഥ്യം കാണിക്കുന്നവരും ഉണ്ട്.പക്ഷേ വാഹനം ഓടുമ്പോൾ മൊബൈൽ ഫോണിനു വേണ്ടി മാറ്റി വച്ചിരിക്കുന്ന സ്വന്തം തലച്ചോറിന്റെ പ്രവർത്തനം വാഹനത്തിന്റെ നിയന്ത്രണത്തിന് ഉപകരിക്കുന്നില്ല എന്ന സത്യം ഇവർ തിരിച്ചറിയുന്നില്ല.സ്വജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിൽ പെടുത്താൻ സാധ്യതയുള്ള ഇവരെയൊന്ന് ഉപദേശിക്കാൻ പോലും ഒന്നിച്ച് യാത്ര ചെയ്യുന്നവരോ അറിയാവുന്നവരോ ശ്രമിക്കുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു.