തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് നിർബന്ധമാക്കിയിരുന്ന ഏകീകൃത വെള്ളനിറം പിൻവലിക്കാൻ തീരുമാനം. ഇന്ന് ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (STA) യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. വെള്ള നിറം പിൻവലിക്കണമെന്ന അഭിപ്രായം യോഗത്തിൽ ഉയർന്നതിനെ തുടർന്ന് അതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം.2022 ഒക്ടോബറിൽ വടക്കഞ്ചേരിയിൽ നടന്ന ബസ് അപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒമ്പത് പേർ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയിരുന്നത്. നിലവിലെ വെള്ള നിറം ആകർഷകമല്ലെന്നും വിനോദയാത്രകളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ബസ് ഉടമകൾ പരാതി ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം പുനഃപരിശോധിച്ചത്.റോഡ് സുരക്ഷ കണക്കിലെടുത്തും മറ്റ് വാഹന ഡ്രൈവർമാരുടെയും യാത്രക്കാരുടെയും ശ്രദ്ധയിൽപെടുന്ന നിറമാണെന്ന വിലയിരുത്തലിലും ആയിരുന്നു അന്ന് ഈ തീരുമാനം. ചില വിദേശ രാജ്യങ്ങളിൽ പൊതുവാഹനങ്ങൾക്ക് വെള്ളനിറം ഉപയോഗിക്കുന്നതും ഇതിന് പ്രചോദനമായിരുന്നു.എന്നാൽ നിറമാറ്റത്തിനെതിരെ ബസ് ഉടമകളിൽ നിന്ന് ശക്തമായ സമ്മർദ്ദം ഉണ്ടായിരുന്നുവെങ്കിലും സർക്കാർ ഇതുവരെ വഴങ്ങിയിരുന്നില്ല. വകുപ്പ് മന്ത്രി മാറിയതോടെയാണ് വിഷയത്തിൽ വീണ്ടും നീക്കങ്ങൾ സജീവമായത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!