തിരുവനന്തപുരം: വീട് വയ്ക്കാനായി തേക്ക് തടി അന്വേഷിച്ച് അലയുകയാണോ നിങ്ങൾ? എങ്കിലിതാ പൊതുജനങ്ങളുടെ ഗാർഹിക ആവശ്യങ്ങൾക്കായി തേക്ക് തടിയുടെ ചില്ലറ വിൽപ്പന ആരംഭിക്കാനൊരുങ്ങി ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ വിവിധ ഡിപ്പോകൾ. തിരുവനന്തപുരം തടി വിൽപ്പന ഡിവിഷന്‍റെ കീഴിലുള്ള തടി ഡിപ്പോകളിലാണ് തേക്ക് തടിയുടെ ചില്ലറ വിൽപ്പന ആരംഭിക്കുന്നത്. വീട് നിർമിക്കുന്നതിനുള്ള അംഗീകരിച്ച പ്ലാൻ, അനുമതി, സ്‌കെച്ച് എന്നിവയുടെ പകർപ്പുമായി എത്തിയാൽ അഞ്ച് ക്യുബിക് മീറ്റർ വരെ തേക്ക് തടികൾ നേരിട്ട് വാങ്ങാം.ആര്യങ്കാവ് ഡിപ്പോയിൽ നിന്ന് മാർച്ച് 4 മുതലും തെന്മല ഡിപ്പോയിൽ നിന്ന് 5 മുതലും കുളത്തുപ്പുഴ ഡിപ്പോയിൽ നിന്ന് 9 മുതലും രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നേരിട്ട് എത്തി വാങ്ങാം. തേക്ക് തടിയുടെ കാറ്റഗറി അനുസരിച്ച് 55000 മുതൽ വില വരുന്ന തടികൾ ലഭ്യമാണെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു. ഡിപ്പോകളിലെത്തി ആവശ്യം പറഞ്ഞാൽ അതിനനുസരിച്ചുള്ള തടിയുമായി മടങ്ങാം. ജിഎസ്ടി ഉൾപ്പടെ അടച്ച് പാസ് വാങ്ങി തടിയുമായി മടങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ആവശ്യക്കാർ ഏറിയാൽ ലേലം മാതൃകയിലായിരിക്കും വിൽപ്പന.