പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച ഗർഭിണിയായ യുവതി കുഴഞ്ഞുവീണ് മരിച്ചു. തൃത്താല മേഴത്തൂർ കുളങ്ങര വീട്ടിൽ നിസാർ ബാഷയുടെ ഭാര്യ നൗഷിജ (29) ആണ് മരിച്ചത്. സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. നൗഷിജയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃത്താല പൊലീസ് കേസെടുത്തു.പ്രസവത്തിനായി ഈ മാസം 16നാണ് നൗഷിജയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വയും ബുധനുമുള്ള ദിവസങ്ങളിൽ പ്രസവത്തിനുള്ള നടപടികൾ സ്വീകരിച്ചെങ്കിലും ഗർഭപാത്രം വികസിച്ചില്ല. വ്യാഴാഴ്ചയോടെ കടുത്ത വയറുവേദനയും രക്തസ്രാവവും ഉണ്ടായിട്ടും “നോക്കാം” എന്ന മറുപടിയാണ് ഡോക്ടർമാർ നൽകിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.വെള്ളിയാഴ്ച പുലർച്ചെ നൗഷിജയ്ക്ക് ശക്തമായ ക്ഷീണവും വേദനയും അനുഭവപ്പെട്ടെങ്കിലും രാവിലെ പത്ത് മണിക്ക് ഡോക്ടർ എത്തിയ ശേഷം മാത്രമേ തുടർനടപടികൾ തീരുമാനിക്കാനാകൂ എന്ന നിലപാടിലായിരുന്നു ആശുപത്രി അധികൃതരെന്ന് ബന്ധുക്കൾ പറയുന്നു. ഇതിനിടെയാണ് രാവിലെ പത്തരയോടെ യുവതി കുഴഞ്ഞുവീണത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.തുടർന്ന് ആംബുലൻസിൽ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, ആശുപത്രിയിൽ എത്തുന്നതിന് ഏകദേശം 45 മിനിറ്റ് മുൻപേ മരണം സംഭവിച്ചിരുന്നുവെന്ന് സ്വകാര്യ ആശുപത്രി അധികൃതർ റിപ്പോർട്ട് നൽകി. മരണശേഷം ചികിത്സാ രേഖകൾ പൊലീസിന് കൈമാറുന്നതിൽ താലൂക്ക് ആശുപത്രി അധികൃതർ മനപ്പൂർവം കാലതാമസം വരുത്തിയതായും ബന്ധുക്കൾ ആരോപിക്കുന്നു.