ബെംഗളൂരു: കർണാടകയിലെ മുഴുവൻ ഗ്രാമപഞ്ചായത്ത് ഓഫീസുകൾക്കും മഹാത്മാഗാന്ധിയുടെ പേര് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന്റെ പേര് മാറ്റി ‘വികസിത് ഭാരത് – ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) (VB-G RAM G)’ എന്ന പുതിയ പദ്ധതിയാക്കിയതിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഫ്രീഡം പാർക്കിൽ നടന്ന പ്രതിഷേധ റാലിയിൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും കർണാടകയുടെ ചുമതലയുള്ളതുമായ രൺദീപ് സിംഗ് സുർജേവാലയാണ് ഈ ആശയം മുന്നോട്ടുവച്ചത്.ഗ്രാമീണ ജനതയ്ക്ക് തൊഴിൽ ഉറപ്പുനൽകുന്ന മഹാത്മാഗാന്ധിയുടെ പേരിലുള്ള നിയമത്തിൽ മാറ്റം വരുത്തുന്നത് പാവപ്പെട്ടവർക്കെതിരായ കടന്നുകയറ്റമാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഗവർണർ തവാർചന്ദ് ഗെലോട്ടിന് നിവേദനം സമർപ്പിക്കുന്നതിനായി ലോക് ഭവനിലേക്ക് മാർച്ച് ചെയ്യാനൊരുങ്ങുന്നതിനിടെയാണ് എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും മഹാത്മാഗാന്ധിയുടെ പേര് നൽകണമെന്ന നിർദ്ദേശം സുർജേവാല പരസ്യമാക്കിയത്. ഈ നിർദ്ദേശം സംസ്ഥാന സർക്കാർ അംഗീകരിക്കണമെന്നാവശ്യപ്പെട്ട അദ്ദേഹം, ഗാന്ധിജിയുടെ ആശയങ്ങളും മൂല്യങ്ങളും ഗ്രാമീണ ഭരണസംവിധാനത്തിൽ നിലനിൽക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും നിർദ്ദേശം ഉടൻ അംഗീകരിച്ചു. കർണാടകയിലെ എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും മഹാത്മാഗാന്ധിയുടെ പേര് നൽകാൻ തീരുമാനിച്ചതായി ഡി.കെ. ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഗാന്ധിജിയുടെ പേര് ശാശ്വതമാക്കുകയാണ് ഈ തീരുമാനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും, വരും ദിവസങ്ങളിൽ എല്ലാ പഞ്ചായത്തുകളും ‘മഹാത്മാഗാന്ധി ഗ്രാമപഞ്ചായത്ത്’ എന്ന പേരിൽ അറിയപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!