കോഴിക്കോട്: രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന സുഹൃത്തിനെ സഹായിക്കാൻ ഫുട്ബോൾ ടൂർണമെന്റിലൂടെ കൈത്താങ്ങായി ഒരുകൂട്ടം യുവാക്കൾ. മുക്കം ചേന്നമംഗല്ലൂർ പുൽപ്പറമ്പ് ദർശി മൈതാനിയിൽ സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ മത്സരത്തിലൂടെ 8.19 ലക്ഷം രൂപയാണ് സമാഹരിച്ചത്. ‘കൂടപ്പിറപ്പിന്റെ ചികിത്സയ്ക്കായി’ എന്ന പേരിൽ നാട്ടുകാർ ഒത്തുചേർന്നപ്പോൾ ഒരു വലിയ തുക തന്നെ ചികിത്സാ നിധിയിലേക്ക് എത്തിക്കാൻ ഇവർക്കായി. സമാഹരിച്ച തുക ടൂര്‍ണമെന്റ് കമ്മിറ്റി അംഗങ്ങളായ ബന്ന ചേന്ദമംഗലൂര്‍, റാഫി തച്ചമ്പറ്റ, സി.ടി അദീബ്, സുബൈര്‍ മംഗലശ്ശേരി എന്നിവര്‍ ചേര്‍ന്ന് ചികിത്സാ സഹായ കമ്മിറ്റി ചെയര്‍മാന്‍ കെ സുബൈറിന് കൈമാറി.