തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ശക്തമായ ഭരണവിരുദ്ധ വികാരം അലയടിക്കുമെന്ന് സർവ്വെ റിപ്പോർട്ട്. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നെന്നും രാഷ്ട്രീയ അന്തരീക്ഷം യുഡിഎഫിന് അനുകൂലം എന്നുമാണ് എൻഡിടിവിയുടെ ‘വോട്ട് വൈബ് ഇന്ത്യ – കേരള ട്രാക്കർ’ സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നത്. പിണറായി വിജയൻ സർക്കാരിന്റെ പ്രവർത്തനത്തിൽ ജനങ്ങളിൽ വലിയ അസംതൃപ്തി നിലനിൽക്കുന്നുണ്ടെന്നും സർവേ പറയുന്നു.സർവേയിൽ പങ്കെടുത്തവരിൽ 52 ശതമാനം പേരും സർക്കാരിന്റെ പ്രകടനം ‘മോശം’ അല്ലെങ്കിൽ ‘വളരെ മോശം’ എന്ന നിലയിലാണ് വിലയിരുത്തിയത്. സർക്കാരിന്റെ പ്രവർത്തനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടത് 23.8 ശതമാനം പേർ മാത്രമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ജനപിന്തുണ ലഭിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്. 22.4 ശതമാനം പേർ അദ്ദേഹത്തെ മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നതായി സർവേ പറയുന്നു. നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന് 18 ശതമാനവും, സിപിഎം നേതാവ് കെ.കെ. ശൈലജയ്ക്ക് 16.9 ശതമാനവുമാണ് പിന്തുണ. ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന് 14.7 ശതമാനവും കോൺഗ്രസ് നേതാവ് ശശി തരൂരിന് 9.8 ശതമാനവുമാണ് ലഭിച്ചത്.വോട്ടുവിഹിതത്തിലും യുഡിഎഫിന് നേരിയ മുൻതൂക്കം സർവേ സൂചിപ്പിക്കുന്നു. യുഡിഎഫിന് 32.7 ശതമാനവും എൽഡിഎഫിന് 29.3 ശതമാനവും എൻഡിഎയ്ക്ക് 19.8 ശതമാനവുമാണ് പ്രതീക്ഷിക്കുന്ന വോട്ടുവിഹിതം. അതേസമയം, കോൺഗ്രസിനുള്ളിലെ ഗ്രൂപ്പിസം 42 ശതമാനം വോട്ടർമാരും പ്രധാന ആശങ്കയായി കാണുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.ഇതുകൂടാതെ, 15 ശതമാനം വോട്ടർമാർ ഇപ്പോഴും വോട്ട് ആർക്കു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഇവരുടെ നിലപാടിൽ നിർണായക സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്. നേതൃത്വത്തിന്റെ ജനപിന്തുണ വിലയിരുത്തുമ്പോൾ, വി.ഡി. സതീശൻ, ശശി തരൂർ, കെ.സി. വേണുഗോപാൽ തുടങ്ങിയ യുഡിഎഫ് നേതാക്കൾക്ക് എൽഡിഎഫ് നേതാക്കളെക്കാൾ കൂടുതൽ അംഗീകാരം ലഭിക്കുന്നതായും സർവേ വ്യക്തമാക്കുന്നു.പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം സംസ്ഥാനങ്ങളോടൊപ്പം 2026ൽ നടക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിലും നിർണായകമായിരിക്കും. പത്തു വർഷത്തെ പിണറായി ഭരണത്തിന് ശേഷം മൂന്നാം തവണയും അധികാരം നിലനിർത്താൻ എൽഡിഎഫ് ശ്രമിക്കുമ്പോൾ, ഭരണം തിരിച്ചുപിടിക്കാനുള്ള ശക്തമായ തയ്യാറെടുപ്പിലാണ് യുഡിഎഫ്.