തിരുവനന്തപുരം: കിളിമാനൂർ പാപ്പാലയിൽ ബൈക്കിൽ ജീപ്പിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ഭർത്താവും മരണത്തിന് കീഴടങ്ങി. കുമ്മിൾ സ്വദേശി രഞ്ജിത്താണ് (41) ഇന്നലെ വൈകിട്ടോടെ മരിച്ചത്. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഭാര്യ അംബിക (36) ജനുവരി 7-ന് മരണപ്പെട്ടിരുന്നു. ഇതോടെ ആറും ഒന്നരയും വയസ്സുള്ള ഇവരുടെ രണ്ട് മക്കൾ അനാഥരായി.ഈ ദാരുണ സംഭവത്തിൽ പോലീസിനെതിരെയും പ്രതികൾക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് നാട്ടുകാർ ഉയർത്തുന്നത്. പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരുന്ന അപകടത്തിൽപ്പെട്ട ജീപ്പ് കഴിഞ്ഞ രാത്രി അജ്ഞാതർ തീയിട്ട് നശിപ്പിച്ചു. ഇത് കേസിലെ തെളിവുകൾ ഇല്ലാതാക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണെന്ന് നാട്ടുകാർ വിശ്വസിക്കുന്നു. അപകടം നടന്ന സമയത്ത് മദ്യലഹരിയിലായിരുന്ന ഉടമ വിഷ്ണുവിനെ നാട്ടുകാർ പിടികൂടി ഏൽപ്പിച്ചെങ്കിലും പോലീസ് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചതായി ആരോപണമുണ്ട്. കൂടാതെ, കേസ് എടുക്കുന്നതിൽ പോലീസ് മനപ്പൂർവ്വം കാലതാമസം വരുത്തിയതായും പരാതിയുണ്ട്. ജീപ്പിൽ നിന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്റേത് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ ലഭിച്ചിരുന്നു. ഇത് കേസ് അട്ടിമറിക്കാനും ഉന്നതരെ സംരക്ഷിക്കാനുമുള്ള ശ്രമമാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.രഞ്ജിത്തിന്റെ മരണവാർത്ത പുറത്തുവന്നതോടെ നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങി. മൃതദേഹവുമായി അവർ എം.സി. റോഡ് ഉപരോധിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസിന്റെ ഭാഗത്തുനിന്ന് ഉറപ്പ് ലഭിച്ച ശേഷമാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!