കോഴിക്കോട്: സ്വകാര്യ ബസിൽ വെച്ച് പെൺകുട്ടിയോട് മോശമായി പെരുമാറി എന്ന പേരിൽ സോഷ്യൽ മീഡിയയിലൂടെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. കോഴിക്കോട് സ്വദേശിയായ ദീപക്ക് എന്ന യുവാവിനെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ മനസ്സിനുണ്ടായ വിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.കഴിഞ്ഞ ദിവസമാണ് സംഭവത്തിന് ആധാരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. ബസ് യാത്രയ്ക്കിടെ യുവാവ് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഒരു യുവതി ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റാഗ്രാമിലും വാട്സാപ്പിലും പങ്കുവെക്കുകയായിരുന്നു. പല തരത്തിലുള്ള അടിക്കുറിപ്പുകളോടെ ഈ വീഡിയോ നിമിഷങ്ങൾക്കകം വ്യാപകമായി പ്രചരിച്ചു.യുവാവിനെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് ഇതിന് പിന്നാലെ ഉണ്ടായത്. യുവാവിന്റെ ജോലിസ്ഥലത്തെ കുറിച്ചും വീട്ടുകാരെ കുറിച്ചും മോശമായ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നിരുന്നു.യുവതി ആരോപിക്കുന്നത് പോലെ ഒരു സംഭവവും നടന്നിട്ടില്ലെന്നും യുവാവ് നിരപരാധിയാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു. തിക്കിലും തിരക്കിലും പെട്ടപ്പോൾ അറിയാതെ തട്ടിയതിനെ പെൺകുട്ടി തെറ്റായി വ്യാഖ്യാനിച്ചതാകാം എന്നാണ് കുടുംബത്തിന്റെ വാദം. വീഡിയോ പ്രചരിച്ചതോടെ വലിയ മാനസിക വിഷമത്തിലായിരുന്നു യുവാവ്. തന്റെ ഭാഗം വിശദീകരിക്കാൻ പോലും അവസരം ലഭിക്കാതെ സമൂഹത്തിന് മുന്നിൽ ഒറ്റപ്പെട്ടതാണ് യുവാവിനെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചത്.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവിന്റെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെയും സൈബർ ബുള്ളിയിംഗിന് നേതൃത്വം നൽകിയവർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ സുഹൃത്തുക്കളും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദമുണ്ടായാൽ വിദഗ്ദ്ധരുടെ സഹായം തേടുക. (ഹെൽപ്പ് ലൈൻ നമ്പർ: 1056).