കോഴിക്കോട്: സഹപാഠിയുടെ വീട്ടിൽ നിന്നും സ്വർണാഭാരണങ്ങൾ മോഷ്ടിച്ച് കടന്നു കളഞ്ഞ യുവതി പിടിയിൽ. ബേപ്പൂർ സ്വദേശിനി ഗായത്രിയുടെ വീട്ടിൽ നിന്നും 36 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിലാണ് ആന്ധ്ര വിജയവാഡ സ്വദേശിനി തോട്ടാബാനു സൗജന്യ (24)യെ പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരു കോളജിൽ പിജിക്ക് പഠിക്കുന്ന ഗായത്രിയുടെ സഹപാഠിയാണ് സൗജന്യ. ഗായത്രിയുടെ വീട്ടിൽ നിന്നും സ്വർണം കവർന്ന യുവതി വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഇന്ത്യയിൽ തിരിച്ചെത്തിയ യുവതിയെ മുംബൈയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്ത്.ജൂലൈ 17നാണ് സൗജന്യ സഹപാഠിയായ ഗായത്രിയുടെ വീട്ടിലെത്തിയത്. രണ്ടുദിവസം ഗായത്രിക്കൊപ്പം താമസിച്ച യുവതി ജൂലൈ 19ന് തിരികെ പോയി. ഇതിനിടെ ഗായത്രിയുടെ വീട്ടിലെ 36 പവൻ സ്വർണാഭരണങ്ങളും സൗജന്യ കൈക്കലാക്കിയിരുന്നു. സൗജന്യ പോയതിന് ശേഷമാണ് സ്വർണം നഷ്ടമായ വിവരം വീട്ടുകാർ അറിയുന്നത്. മോഷ്ടിച്ച സ്വർണം പണയം വച്ചും വിറ്റും കിട്ടിയ കാശുകൊണ്ട് യുവതി താൻസാനിയായിലുള്ള ബന്ധുവിന്റെ അടുത്തേക്കു പോവുകയും ചെയ്തു.തനിക്ക് ഗുജറാത്തിൽ പട്ടാളത്തിൽ ജോലി കിട്ടിയെന്നും ഇനി പഠിക്കാൻ വരില്ലെന്നുമാണ് സൗജന്യ കോളജ് അധികൃതരെ അറിയിച്ചത്. കഴിഞ്ഞ ദിവസം ഗുജറാത്തിൽ വന്നിറങ്ങി അനുജത്തിയുടെ കൂടെ താമസിക്കുമ്പോഴാണ് പൊലീസിന് വിവരം ലഭിച്ചത്. സൗജന്യയെ തേടി പൊലീസ് പുറപ്പെട്ടതിനിടെ ഇവർ ഗുജറാത്തിൽ നിന്നു മുംബൈയിലേക്ക് വിമാനത്തിൽ വന്നു. മുംബൈയിൽ നിന്നു ഹൈദരാബാദിലേക്കു പോകാൻ തയ്യാറെടുക്കുമ്പോഴാണ് സൗജന്യ പൊലീസിന്റെ പിടിയിലായത്.മൂന്ന് സംഘങ്ങളായി ഗുജറാത്ത്, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിൽ നിലയുറപ്പിച്ചിരുന്ന പൊലീസ് പ്രതിയെ വലയിലാക്കുകയായിരുന്നു. പ്രതിയെ ഇന്നു കേരളത്തിലെത്തിക്കും. ഫറോക്ക് എസിപി എ.എം.സിദ്ദിഖ്, എസ്ഐ സുജിത്, ബേപ്പൂർ എസ്ഐ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.