മലപ്പുറം: ജില്ലയിൽ ഒരു ദിവസം നടത്തിയ ഏറ്റവും വലിയ കാട്ടുപന്നി വേട്ടയാണ് കഴിഞ്ഞ ദിവസം കാളികാവിൽ നടന്നത്. കൃഷിയിടത്തിൽ ഇറങ്ങിയ 36 കാട്ടുപന്നികളെ ആണ് വെടിവെച്ച് കൊന്നത്. കാളികാവ് പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിലായി ഇറങ്ങിയ കാട്ടുപന്നികൾ മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ സാഹചര്യത്തിലാണ് ഇവയെ കൊല്ലാൻ തീരുമാനിച്ചതും വെടിവെച്ച് കൊന്നതും. ബുധനാഴ്ച രാത്രി നടത്തിയ തിരച്ചിലിലാണ് പന്നികളെ വെടിവെച്ചിട്ടത്.മനുഷ്യ വന്യജീവി സംഘർഷലഘൂകരണ കാംപെയ്‌നിന്റെ ഭാഗമായി ലഭിച്ച പരാതികൾ പരിഗണിച്ചാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി തിരച്ചിൽ നടത്തിയത്. കാട്ടുപന്നികൾ വ്യാപകമായി കാർഷികവിളകൾ നശിപ്പിക്കാൻ തുടങ്ങിയതോടെയാണ് കർഷകക്കൂട്ടായ്മയുടെ നേതൃത്വത്തിൽ കാട്ടുപന്നിവേട്ട ശക്തമാക്കിയത്. കൊന്നൊടുക്കിയ പന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കണക്കെടുപ്പിനും പരിശോധനയ്ക്കുംശേഷം സ്റ്റേഷൻ പരിസരത്ത് കുഴിച്ചുമൂടി.കാട്ടുപന്നികൾക്കായി തെരച്ചിൽ നടത്തിയതും ഇവയെ വെടിവെച്ചിട്ടതും ഡിഎഫ്ഒയുടെ എം പാനൽ പട്ടികയിൽ ഉൾപ്പെട്ടവരും അംഗീകൃത തോക്ക് ലൈസൻസുമുള്ള വിദഗ്ധ ഷൂട്ടർമാരുമായിരുന്നു. ഷൂട്ടർമാരായ എം.എം. സക്കീർ, സംഗീത് എർനോൾ, അസീസ് കുന്നത്ത്, ഉസ്‌മാൻ പൻഗിനി, വാസുദേവൻ തുമ്പയിൽ, വി.സി. മുഹമ്മദലി, കർഷകപ്രതിനിധി അർഷദ്ഖാൻ പുല്ലാണി എന്നിവരുൾപ്പെട്ട സംഘമാണ് കാട്ടുപന്നിവേട്ട നടത്തിയത്,