തൃശൂർ: കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ രോ​ഗി മരിച്ചു. ചികിത്സാ പിഴവെന്ന് ആരോപിച്ച് ആശുപത്രിയിൽ സംഘർഷം. വെള്ളറക്കാട് ചിറമേനങ്ങാട് പൂളംതറയ്ക്കൽ വീട്ടിൽ 49 കാരനായ ഇല്യാസ് മുഹമ്മദ് ആണ് മരിച്ചത്. ഗുരുവായൂർ റോഡിലെ ഇറ്റിമാണി ആശുപത്രിയിലാണ് സംഭവം.ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയാണു ഇല്യാസ് ആശുപത്രിയിൽ എത്തിയത്. വൈകിട്ട് ഹെർണിയ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ശേഷം രാത്രി ഏട്ടരയോടെ മരിച്ചു. വിവരമറിഞ്ഞ് രാത്രി ആശുപത്രിയിൽ തടിച്ചുകൂടിയ ഇല്യാസിന്റെ സുഹൃത്തുക്കളും നാട്ടുകാരും നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.ശ്വാസതടസ്സമാണു മരണത്തിനു കാരണമെന്നാണു ആശുപത്രി അധികൃതർ പറയുന്നത്. അടിയന്തരമായി ശസ്ത്രക്രിയ നടത്തേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും അനസ്തീസിയ നൽകുന്നതിൽ അടക്കം പിഴവുണ്ടായിട്ടുണ്ടെന്നും ആരോപിച്ച ബന്ധുക്കൾ പൊലീസിലും ആരോഗ്യവകുപ്പിലും പരാതി നൽകുമെന്ന് പറഞ്ഞു.ചികിത്സപ്പിഴവെന്നു എഴുതി നൽകിയാൽ മാത്രമേ മ‍ൃതദേഹം ആശുപത്രിയിൽ നിന്ന് കൊണ്ടുപോകുകയുള്ളൂ എന്നു പറഞ്ഞ ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മിലുള്ള തർക്കം രാത്രി ഏറെ വൈകിയും തുടർന്നു. ഇല്യാസിന്റെ പിതാവ്: മുഹമ്മദാലി. ഭാര്യ : റഹീന. മക്കൾ‍ : ഐഷ, സൈനുലാബിദീൻ, മിസിരിയ.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!