കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിൽ കടൽ ഉൾവലിഞ്ഞു. ദീർഘ നേരത്തേക്ക് വലിയ രീതിയിൽ കടൽ ഉൾവലിഞ്ഞത് കണ്ട് സന്ദർശകർ പരിഭ്രാന്തിയിലായി. എങ്കിലും തിരകളില്ലാതെ കടൽ നിശ്ചലമായി കിടക്കുന്നത് കാണാൻ നിരവധിപ്പേരാണ് ഇവിടേക്ക് എത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടൽ അൽപം ഉൾവലിഞ്ഞ സ്ഥിതിയാണ് ഇവിടെ അനുഭവപ്പെടുന്നതെന്ന് പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. പെട്ടന്ന് തന്നെ കടൽ പൂർവ്വ സ്ഥിതിയിലേക്ക് തിരിച്ചെത്താറുമുണ്ട്. എന്നാൽ ഇന്ന് അനുഭവപ്പെട്ടത് പോലെ ദീർഘ നേരത്തേക്ക് വലിയ രീതിയിൽ കടൽ ഉൾവലിയുന്ന രീതിയല്ല കഴിഞ്ഞ ദിവസങ്ങളിലുണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്. കള്ളക്കടൽ പ്രതിഭാസമാണ് സംഭവിച്ചതെന്നാണ് സൂചന. രാത്രിയിൽ ശക്തമായ തിരമാലയുണ്ടാവാൻ സാധ്യതയുള്ളതിനാൽ പരിസരവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.അറബിക്കടലിൽ ലക്ഷദ്വീപിന് സമീപം ചക്രവാതചുഴി നിലനിൽക്കുന്നു. ഞായറാഴ്ചയോടെ ഇത് കേരള കർണാടക തീരത്തിനു സമീപം ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ 18 വരെ മത്സ്യ ബന്ധനം വിലക്കി. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 17 ന് രാത്രി പതിനൊന്നര വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. ഇനിയുള്ള അഞ്ച് ദിവസം മഴ കനക്കും.അടുത്ത 24 മണിക്കൂറിനുള്ളിൽ ഔദ്യോഗികമായി കാലാവർഷം രാജ്യത്തിൽ നിന്ന് പൂർണമായും പിൻവാങ്ങി തുലാവർഷം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഫലമായി ഇനിയുള്ള ദിവസങ്ങളിൽ ഇടി മിന്നലോടു കൂടിയ മഴ തുടരുമെന്നാണ് പ്രവചനം. മധ്യ-തെക്കൻ ജില്ലകളിൽ രണ്ടുദിവസം പരക്കെ മഴ സാധ്യതയുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!