കോഴിക്കോട്: ഡിപ്രഷനെക്കുറിച്ച് നടി കൃഷ്‌ണപ്രഭ നടത്തിയ പരാമർശങ്ങൾക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. തൃശൂർ കൈപ്പമംഗലം സ്വദേശി ധനഞ്ജയ് ആണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. നടി വിഷാദരോഗത്തെ നിസാരവൽക്കരിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. കൃഷ്‌ണപ്രഭ പൊതുജനങ്ങളോട് നിരുപാധികം ക്ഷമ ചോദിക്കുകയും വേണമെന്ന് ആവശ്യമുണ്ട്. യൂട്യൂബ് ചാനലിന് നടി നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.മാനസികാരോഗ്യ പ്രശ്‌നമുള്ളവരെ കൂടുതൽ ഒറ്റപ്പെടുത്താനും ചികിത്സ തേടുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനും സാദ്ധ്യതയുള്ള അശാസ്‌ത്രീയ പ്രസ്‌താവന, പൊതുസമൂഹത്തിൽ വലിയ സ്വാധീനമുള്ള വ്യക്തിയുടെ ഭാഗത്ത് നിന്ന് വന്നത് അതീവ ഗൗരവത്തോടെ കാണണമെന്നും പരാതിയിൽ പറയുന്നുണ്ട്. വിവാദപരമായ പരാമർശങ്ങൾ ഉൾപ്പെട്ട വീഡിയോ ഭാഗം യൂട്യൂബിൽ നിന്ന് ഉടൻ നീക്കം ചെയ്യാൻ സർക്കാർ ഇടപെടണം, നടി കൃഷ്‌ണപ്രഭ പൊതുജനങ്ങളോട് നിരുപാധികം ക്ഷമ ചോദിക്കുകയും മാനസികാരോഗ്യത്തെക്കുറിച്ച് ശരിയായ അവബോധം നൽകുകയും ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.മാനസികാരോഗ്യ സംരക്ഷണത്തിന് സർക്കാർ വലിയ പ്രാധാന്യം നൽകുമ്പോൾ, ഇത്തരം പ്രസ്‌താവനകൾ എല്ലാ ബോധവൽക്കരണ ശ്രമങ്ങളെയും തകർക്കുന്നതാണ്. വിഷാദം കളിയാക്കേണ്ട ഒന്നല്ല, കൃത്യമായ ചികിത്സ ആവശ്യമുള്ള ഒരു രോഗാവസ്ഥയാണെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിഷയത്തിൽ അടിയന്തരമായ ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ധനഞ്ജയ് കൂട്ടിച്ചേർത്തു.കൃഷ്ണപ്രഭയുടെ വാക്കുകൾ:-‘ആരൊക്കെയോ പറയുന്ന കേൾക്കുന്നു, അവർ ഓവർ തിങ്കിംഗ് ആണ്, ഡിപ്രഷൻ വരുന്നു എന്നൊക്കെ. ഇത് പുതിയ വാക്കുകളാണ്. ഞങ്ങൾ കളിയാക്കി പറയും, പണ്ടത്തെ വട്ട് തന്നെയാണ് ഇപ്പോൾ പുതിയ പേരിട്ട് വിളിക്കുന്നുവെന്നേയുള്ളൂ. ഇതൊക്കെ വരാൻ കാരണം പണിയില്ലാത്തതുകൊണ്ടാണ്.’

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!