ഉത്തർപ്രദേശിലെ അയോധ്യയിൽ പുര കലന്ദർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പാഗ്ല ഭാരി ഗ്രാമത്തിൽ ശക്തമായ സ്ഫോടനത്തിൽ ഒരു വീട് പൂർണ്ണമായും തകരുകയും അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.ഗ്രാമത്തിൽ നടന്ന ഉഗ്രസ്ഫോടനത്തെ തുടർന്നാണ് ഈ ദുരന്തം സംഭവിച്ചത്. സ്ഫോടനത്തിൽ വീട് പൂർണ്ണമായി തകർന്നതിനാൽ, അവശിഷ്ടങ്ങൾക്കടിയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ നിഗമനം. സംഭവത്തെ തുടർന്ന് പ്രദേശത്ത് രക്ഷാപ്രവർത്തനവും തിരച്ചിലും ഊർജിതമായി നടക്കുകയാണ്.വിവരം ലഭിച്ച ഉടൻ തന്നെ പോലീസ്, അഗ്നിശമന സേന, പ്രാദേശിക ഭരണകൂടം എന്നിവയിലെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തകർന്ന കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായി എസ്‌കവേറ്ററുകൾ ഉപയോഗിക്കുന്നുണ്ട്. കൂടാതെ, കൂടുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി, സ്ഫോടനം നടന്ന വീടിന് സമീപമുള്ള കെട്ടിടങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. നാട്ടുകാരോട് സംഭവസ്ഥലത്ത് നിന്ന് മാറി നിൽക്കുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്.സ്ഫോടനത്തിന്റെ കാരണം സംബന്ധിച്ച് ഇതുവരെ കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് സർക്കിൾ ഓഫീസർ (സി.ഒ.) ശൈലേന്ദ്ര സിംഗ് അറിയിച്ചു.ഈ ദുരന്തത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. മരണമടഞ്ഞ അഞ്ച് പേരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥരോട് അടിയന്തരമായി സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുവാനും, പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പുവരുത്തുവാനും അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്.