പാലക്കാട്: പാലക്കാട് കമ്പ വള്ളിക്കോട് സ്വദേശി രാധാകൃഷ്ണന്റെ ഇന്നലെ മോഷണം പോയ ബൈക്ക് തിരിച്ചുകിട്ടിയത് വിചിത്രമായി. കഴിഞ്ഞ ദിവസം പുതുപ്പരിയാരം പ്രാഥമിക ആശുപത്രിയിൽ ചികിത്സക്ക് എത്തിയപ്പോഴാണ് രാധാകൃഷ്ണന്‍റെ ബൈക്ക് മോഷണം പോയത്. ഉടൻ തന്നെ രാധാകൃഷ്ണൻ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്ത് എസ്റ്റേറ്റ് ജംഗ്ഷനിൽ തിരിച്ചെത്തി.ഈ സമയം മുന്നിലതാ, തന്‍റെ ബൈക്കുമായി ബൈക്ക് മോഷ്ടിച്ച ആൾ പോകുന്നു. രാധാകൃഷ്ണൻ രണ്ടാമതൊന്ന് ആലോചിച്ചില്ല. പെട്ടെന്ന് തന്നെ ബൈക്ക് പിടിച്ചു നിർത്തി ബൈക്ക് മോഷ്ടിച്ചയാളെ പൊതിരെ തള്ളി. ഇത് കണ്ട് ചുറ്റുമുള്ള ആളുകളും ഓടിയെത്തി. ശേഷം പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.മുട്ടികുളങ്ങര ആലിൻചോട് സ്വദേശി രാജേന്ദ്രനാണ് ബൈക്ക് മോഷ്ടിച്ചത്. മദ്യലഹരിയിലാണ് ബൈക്ക് മോഷ്ടിച്ചതെന്നാണ് രാജേന്ദ്രൻ, പൊലീസിന് നൽകിയ മൊഴി. ബി എൻ എസ് 306, 3(5) തുടങ്ങിയ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു. ബൈക്ക് മോഷണം നടത്താൻ സഹായിച്ച ഒരാൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.