ഏറ്റുമാനൂർ: ഭർത്താവിനെ കാണാനില്ലെന്ന് യുവതി നൽകിയ പരാതിയിൽ നടന്ന അന്വേഷണത്തിൽ കണ്ടെത്തിയത് മറ്റൊരു കേസിലെ പ്രതി കൂടിയായ യുവാവിനെ. സംഭവത്തിൽ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്ന കേസിലെ പ്രതി ആണ് അറസ്റ്റിലായത്. ഇയാളെ കാണാനില്ലായെന്ന് ഭാര്യ നൽകിയിരുന്ന പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മോഷണക്കേസിൽ പ്രതിയും ഇയാൾ തന്നെയെന്ന് കണ്ടെത്തിയത്. സംഭവത്തിൽ വെള്ളിലാപ്പള്ളി ചക്കാമ്പുഴ കരോട്ടു കാവാലം കുഴിയിൽ കെ.ജി.നിഖിലിൽ (33) ആണ് അറസ്റ്റിലായത്.24ന് വൈകിട്ട് ഏറ്റുമാനൂർ കിഴക്കുംഭാഗം മന്നത്തൂർ ഭാഗത്ത് വീടിന്റെ ഹാളിൽ അതിക്രമിച്ചു കയറിയ പ്രതി വീട്ടമ്മയുടെ 2 പവന്റെ 1,75000 രൂപ വില വരുന്ന സ്വർണമാല പൊട്ടിച്ചു കൊണ്ടു പോവുകയായിരുന്നു. വെള്ളം ചോദിച്ചെത്തിയായിരുന്നു മോഷണം. വീട്ടുകാർ ഏറ്റുമാനൂർ പോലീസിൽ പരാതി നൽകി. ഇതിനിടെ, നിഖിലിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയിലും ഏറ്റുമാനൂർ പോലീസ് കേസെടുത്തിരുന്നു. ഭർത്താവ് മോഷ്ടാവാണെന്ന കാര്യം ഭാര്യ തിരിച്ചറിഞ്ഞിരുന്നില്ല.മോഷണത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ എറണാകുളം പള്ളിമുക്കിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്. തുടർന്നാണ് മോഷണക്കേസിൽ പോലീസ് അന്വേഷിക്കുന്ന ആളാണ് നിഖിൽ എന്ന് പോലീസ് തിരിച്ചറിഞ്ഞത്. കവർച്ച നടന്ന വീടിനടുത്ത് 8 മാസമായി പ്രതി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു