തിരൂർ: മുൻപ് മാറ് മറയ്ക്കാനായിരുന്നു സമരമെന്നും ഇപ്പോൾ കാണിക്കാനുള്ള സമരമാണ് നടക്കുന്നതെന്നും എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂർ. സിബിഎസ്ഇ അധ്യാപകരുടെ സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഫസൽ ഗഫൂർ സ്ത്രീവിരുദ്ധ പരാമർശങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തിയത്. ഒരുകൂട്ടർ മുഖം മറയ്ക്കുമ്പോൾ മറ്റൊരു കൂട്ടർ വേറെ ചിലതൊക്കെ തുറന്നുകാണിക്കാൻ നടക്കുകയാണെന്നും ഫസൽ ഗഫൂർ പറഞ്ഞു. അധ്യാപികമാർ പങ്കെടുക്കുന്ന ക്യാമ്പുകളെ കൂത്തമ്പലമാക്കി മാറ്റരുതെന്നും ഫസൽ ഗഫൂർ തന്റെ പ്രസംഗത്തിൽ പറഞ്ഞു.നമുക്ക് അറേബ്യൻ സംസ്‌കാരവും ആര്യസംസ്‌കാരവും പാശ്ചാത്യ സംസ്‌കാരവും വേണ്ടെന്നായിരുന്നു ഫസൽ ഗഫൂറിന്റെ വാക്കുകൾ. പൂർവീകർ നടന്നതുപോലെ നടന്നാൽ മതിയെന്ന് പറഞ്ഞ എംഇഎസ് പ്രസിഡന്റ്, അത് കുറച്ച് അങ്ങോട്ടോ ഇങ്ങോട്ടോ ആവുന്നതിൽ വിരോധമില്ലെന്നും കൂട്ടിച്ചേർത്തു.‘ചെറിയ കോഴിക്കാലൊക്കെ കാണിച്ച് നടക്കാറുണ്ട് ചിലർ. അതിൽ വിരോധമൊന്നുമില്ല. അത് മുജാഹിദുകളും മതപണ്ഡിതരും ഒക്കെ നടക്കുന്നതുപോലെ ട്രൗസർ കുറച്ച് പൊക്കി നടക്കുന്നു എന്ന് കരുതിയാൽ മതി. അത് വല്ലാതെ പൊന്തരുത്. കാണിക്കാൻ പറ്റുന്ന വല്ലതുമൊക്കെ കാണിക്കണം. ഈ കോഴിക്കാലൊക്കെ കാണിച്ചിട്ട് എന്ത് കാര്യമാണുള്ളതെ’ന്നും അദ്ദേഹം ചോദിച്ചു.അധ്യാപികമാർ പല ക്യാമ്പുകളിലും പങ്കെടുക്കാറുണ്ട്. പക്ഷേ, ആ ക്യാമ്പുകളെ കൂത്തമ്പലമാക്കി മാറ്റരുത്. അവിടെ ആട്ടവും പാട്ടുമൊന്നും വേണ്ട. ഡിജെ വെച്ച് ടീച്ചർമാർ തുള്ളണ്ട. തൊട്ടുകളിയും ചുറ്റിക്കളിയുമൊന്നും വേണ്ട. വേറെ പല കളികളും ഉണ്ട്. അതായിക്കോട്ടെ. പ്രൈവറ്റ് കളികളെപ്പറ്റി ഒന്നും പറയുന്നില്ല. അതൊക്കെ നിങ്ങളുടെ ഇഷ്ടം. പക്ഷേ, പബ്ലിക് കളി സൂക്ഷിച്ചുവേണമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യൻ ഭാഷകളുടെ മാതാവ് സംസ്‌കൃത ഭാഷയാണെന്ന് പറയുന്നത് സവർണാധിപത്യമാണെന്നും അദ്ദേഹം പറഞ്ഞു. മലയാളം പഠിക്കാതെ ഇംഗ്ലീഷ് സംസാരിക്കുന്നത് അവസാനിപ്പിക്കണം. പാഠപുസ്തകങ്ങളിൽ ചരിത്രങ്ങൾ വളച്ചൊടിക്കുന്ന ആര്യവത്കരണം വേണ്ടെന്നും ഫസൽ ഗഫൂർ പറഞ്ഞു.