തൃശൂർ: തൃശൂർ മൂത്രത്തിക്കരയിൽ അച്ഛനെ വെട്ടിപ്പരിക്കേൽപ്പച്ച ശേഷം മകൻ ആത്മഹത്യ ഭീഷണി മുഴക്കി. മുത്രത്തിക്കര സ്വദേശി ശിവ(70)നെയാണ് മകൻ വിഷ്ണു വെട്ടിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശിവനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരം അറിഞ്ഞ പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അക്രമാസക്തമായ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. ഇതോടെ പോലീസ് ഉദ്യോഗസ്ഥരും ഫയർ ഫോഴ്സും യുവാവിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.വീടിന്റെ രണ്ടാം നിലയിലാണ് അക്രമാസക്തമായ യുവാവ് നിലയുറപ്പിച്ചിട്ടുണ്ട്. ശിവന് വെട്ടേറ്റതായി വിവരം അറിഞ്ഞതിനെത്തുടർന്ന് സമീപവാസികളും നാട്ടുകാരും സ്ഥലത്തെത്തിയപ്പോഴേക്കും വിഷ്ണുവിനെ കാണാത്തതിനാൽ അന്വേഷിച്ചപ്പോഴാണ് വീടിൻ്റെ രണ്ടാം നിലയിൽ നിൽക്കുന്നത് കണ്ടതെന്നും നാട്ടുകാർ പറഞ്ഞു.അതേസമയം, വീട്ടിലെ മുറിയിൽ ആഭിചാരക്രിയകൾ നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. മുടി കത്തിച്ചതായും കോഴിത്തല വച്ചതായും കണ്ടെത്തി. കരാട്ടെ ഉൾപ്പെടെയുള്ള ആയോധനകലകൾ പഠിച്ചിട്ടുള്ള ആളാണ് വിഷ്ണുവെന്നാണ് വിവരം. നാട്ടുകാരുടെ സഹായത്താൽ തൊട്ടടുത്ത ജനൽ പൊളിക്കാനായി രണ്ടാം നിലയിലേക്ക് ഓടിന്റെ പുറത്തുകൂടി കയറുകയാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. ഇതിനായി കൂടുതൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. കഴിഞ്ഞ 45 ദിവസമായി വിഷ്ണു വീട്ടിൽ ഉണ്ടായിരുന്നുവെന്നും വീട് അടച്ചിട്ട് ആഭിചാരക്രിയകൾ നടത്തുകയായിരുന്നുവെന്നുമാണ് പോലീസ് പറഞ്ഞത്. രക്ഷിതാക്കളെ വീട്ടിൽ നിന്ന് പുറത്താക്കിയ ശേഷമായിരുന്നു വിഷ്ണു ആഭിചാരക്രിയകൾ നടത്തിയിരുന്നത്. ശിവന് ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി വീട് പാസായിരുന്നു. ഇതിനായി സ്ഥലത്തിന്റെ രേഖകൾ എടുക്കാൻ വീട്ടിൽ എത്തിയപ്പോഴാണ് വിഷ്ണു ശിവനെ വെട്ടിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ ശിവൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.