വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ 260.56 കോടി രൂപ അനുവദിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതിയാണ് ഈ തുകയ്ക്ക് അംഗീകാരം നൽകിയത്. ദേശീയ ദുരന്ത നിവാരണ നിധിയിൽ (NDRF) നിന്നാണ് ഈ സാമ്പത്തിക സഹായം നൽകുന്നത്.കേന്ദ്രസർക്കാർ ആകെ ഒൻപത് സംസ്ഥാനങ്ങൾക്കായി 4645.60 കോടി രൂപയുടെ സഹായമാണ് പ്രഖ്യാപിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ തുക അനുവദിച്ചത് അസമിനാണ്. അസമിന് 1270.788 കോടി രൂപയുടെ സഹായം ലഭിക്കും.ദുരന്തബാധിത പ്രദേശങ്ങളിലെ പുനർനിർമ്മാണത്തിന് പുറമെ, രാജ്യത്തെ 11 നഗരങ്ങളിലെ അർബൻ ഫ്ലഡ് റിസ്ക് മാനേജ്മെന്റ് പ്രോഗ്രാമിന് വേണ്ടി 2444.42 കോടി രൂപയും കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഈ നഗരങ്ങളിൽ തിരുവനന്തപുരവും ഉൾപ്പെടുന്നു.പ്രളയാനന്തര നാശനഷ്ടങ്ങളുടെ വിലയിരുത്തലുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പോസ്റ്റ് ഡിസാസ്റ്റർ നീഡ്‌സ് അസസ്‌മെന്റ് (PDNA) റിപ്പോർട്ടിൽ കേരളം 2221 കോടി രൂപയുടെ സഹായമാണ് വയനാട് പുനർനിർമ്മാണത്തിനായി ആവശ്യപ്പെട്ടിരുന്നത്. ആദ്യഘട്ട ചർച്ചകളിൽ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി നടന്ന അന്തിമ ചർച്ചയിൽ കേരളത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറിയാണ് പങ്കെടുത്തത്. എന്നാൽ, നിലവിൽ കേരളത്തിന് വയനാടിന്റെ പുനർനിർമ്മാണത്തിനായി അനുവദിച്ചിട്ടുള്ളത് 260.56 കോടി രൂപയാണ്.