കോഴിക്കോട്: കോഴിക്കോട് പയ്യാനക്കലിൽ മദ്രസയിലേക്ക് പോകുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതായി പരാതി. ടാക്സി കാറിൽ എത്തിയ യുവാവ് കുട്ടിയുടെ അരികിൽ വാഹനം നിർത്തുകയും കയറാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതുകണ്ട സ്ഥലത്തുണ്ടായിരുന്ന ആളുകൾ എന്തിനാണ് കുട്ടിയോട് കാറിൽ കയറാൻ ആവശ്യപ്പെടുന്നതെന്ന് യുവാവിനോട് തിരക്കിയപ്പോൾ കുട്ടിയെ ഒരിടം വരെ കൊണ്ടുപോകണെന്നാണ് ഇയാൾ പറഞ്ഞത്. പന്തികേട് തോന്നിയ നാട്ടുകാർ യുവാവിനെ തടഞ്ഞ് വെക്കുകയും ചെയ്തു.തുടർന്ന് നാട്ടുകാർ യുവാവിനെ വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾക്ക് കുട്ടിയുമായോ കുട്ടിയുടെ വീട്ടുകാരുമായോ യാതൊരു വിധ ബന്ധവുമില്ലെന്ന് കണ്ടെത്തി. കുട്ടിയെ വീട്ടിൽ ഇറക്കിവിടാനാണ് വണ്ടിയിൽ കേറിക്കോളാൻ പറഞ്ഞതെന്ന് യുവാവ് പറഞ്ഞു. കാസർകോട് സ്വദേശിയെന്നാണ് യുവാവ് നാട്ടുകാരോട് പറഞ്ഞത്. ഇതോടെ നാട്ടുകാർ കാറിന്റെ താക്കോൽ ഊറി മാറ്റുകയും യുവാവിനെ ചിലർ കയ്യേറ്റം ചെയ്യുകയും ചെയ്തു. മർദനത്തിൽ യുവാവിനെ ചെറിയ ചില പരിക്കുകളുമുണ്ട്.പിന്നീട് യാത്ര ചെയ്തിരുന്ന വാഹനം തന്റേതല്ലെന്നും യുവാവ് സമ്മതിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രിയ്ക്ക് സമീപം നിർത്തിയിട്ട ടാക്സി കാറിൽ താക്കോൽ ഉണ്ടായിരുന്നു. ആ വണ്ടി മോഷ്ടിച്ചാണ് പയ്യാനക്കൽ എത്തിയതെന്നും യുവാവ് പറഞ്ഞു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ബീച്ച് ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!