തൃശൂർ: കൊച്ചിയിലെ ഫ്ലാറ്റിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയായ മാർട്ടിൻ ജോസഫ് തൃശൂരിൽ മറ്റൊരു യുവതിയെ കുത്തിപ്പരുക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തൃശൂർ അടാട്ടുള്ള ഒരു സ്വകാര്യ ഫ്ലാറ്റിലാണ് സംഭവം നടന്നത്. മുളങ്കുന്നത്തുകാവ് സ്വദേശിനിയായ ശാർമിള എന്ന യുവതിയെയാണ് മാർട്ടിൻ ജോസഫ് കുത്തിപ്പരുക്കേൽപ്പിച്ചത്. ഇവർ ഇരുവരും ഒരേ ഫ്ലാറ്റിൽ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ഇവരുടെ ഇടയിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് നൽകുന്ന സൂചന.യുവതിയെ കുത്തിയതിന് ശേഷം മാർട്ടിൻ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇയാൾ കോഴിക്കോട് ഭാഗത്തേക്ക് രക്ഷപ്പെട്ടതായാണ് പോലീസിന് ലഭിച്ച വിവരം. 2021-ൽ കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ വെച്ച് കണ്ണൂർ മട്ടന്നൂർ സ്വദേശിനിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ് തൃശൂർ പുറ്റേക്കര സ്വദേശിയായ മാർട്ടിൻ ജോസഫ്. അന്നത്തെ സംഭവം വലിയ വാർത്തയായിരുന്നു. യുവതിയെ ദിവസങ്ങളോളം ഫ്ലാറ്റിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.