കണ്ണൂർ: വളപട്ടണം പുഴയിലേക്ക് ചാടിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി മത്സ്യത്തൊഴിലാളി. രാവിലെ വളപട്ടണം റെയിൽവേ പാലത്തിൽ നിന്നാണ് ഒരാൾ പുഴയിലേക്ക് ചാടിയത്. പുഴയിൽ ഒഴുകി നീങ്ങുകയായിരുന്ന യുവാവിനെയാണ് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളി സ്വന്തം വള്ളത്തിൽ കയറ്റി രക്ഷിച്ചത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യങ്ങൾ ഉള്ളതായി പോലീസ് പറയുന്നു. കണ്ണൂർ അഴീക്കൽ കോസ്റ്റൽ പോലീസും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.പോലീസ് സ്ഥലത്തെത്തുന്നതിന് തൊട്ടുമുമ്പ് തന്നെ മത്സ്യത്തൊഴിലാളി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. പുഴയിൽ മീൻ പിടിക്കുകയായിരുന്ന ഇദ്ദേഹം, യുവാവ് അപകടത്തിൽപ്പെട്ടതറിഞ്ഞ് തൻ്റെ ചെറിയ വള്ളവുമായി അടുത്തെത്തി. തുടർന്ന്, ഇയാളെ പുഴയിൽ നിന്ന് വലിച്ച് വള്ളത്തിൽ കയറ്റുകയായിരുന്നു.പുഴയിലേക്ക് ചാടിയപ്പോൾ തൻ്റെ കൈവശമുണ്ടായിരുന്ന ബാഗാണ് മുങ്ങിപ്പോകാതെ രക്ഷിച്ചതെന്ന് പിന്നീട് കരയിലെത്തിയ യുവാവ് പോലീസിനോട് പറഞ്ഞു. ബാഗ് വെള്ളത്തിൽ മുങ്ങാതെ പൊങ്ങിക്കിടന്നതിനാൽ അതിൽ പിടിച്ച് താൻ അപകടത്തിൽപ്പെടാതെ പിടിച്ചുനിന്നുവെന്നും ഇയാൾ പോലീസിനോട് വ്യക്തമാക്കി.പോലീസാണ് രക്ഷാപ്രവർത്തനത്തിൻ്റെ ദൃശ്യങ്ങൾ പകർത്തിയത്. പുഴയിലേക്ക് ചാടിയ വ്യക്തിയുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. എന്തിനാണ് ഇയാൾ പുഴയിലേക്ക് ചാടിയതെന്നതിനെക്കുറിച്ചും വ്യക്തതയില്ല. ശക്തമായ അടിയൊഴുക്കും ചുഴികളും ഉള്ള വളപട്ടണം പുഴയുടെ മധ്യഭാഗത്ത് നിന്നാണ് മത്സ്യത്തൊഴിലാളി യുവാവിനെ രക്ഷിച്ചത്.