കൊല്ലം: കൊല്ലം തെക്കുംഭാഗം സ്വദേശി അതുല്യ ഷാർജയിൽ ജീവനൊടുക്കിയ കേസിലെ പ്രതി അതുല്യയുടെ ഭർത്താവ് സതീഷിന്റെ മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ വാദം കേൾക്കുന്നത് നീട്ടിവച്ചു. ഫൊറൻസിക് പരിശോധനാ ഫലം വൈകുന്നതിനാൽ ഈ മാസം 23 ലേക്കാണ് കേസ് മാറ്റിയത്. 23 ന് കേസ് ഡയറി ഹാജരാക്കാൻ നിർദേശിച്ചു. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.അതുല്യയെ മർദ്ദിക്കുന്ന ദൃശ്യങ്ങളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനാണ് ഫോറൻസിക് പരിശോധന. അതുല്യയുടേത് തൂങ്ങിമരണം ആണെന്നാണ് കോൺസുലേറ്റ് നൽകിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടെന്നും സതീഷിനെതിരെ കൊലപാതക കുറ്റത്തിന് തെളിവുകൾ ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് വ്യവസ്ഥകളോടെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയുടെ രണ്ടാൾ ജാമ്യമാണ് സതീഷിന് അനുവദിച്ചിരിക്കുന്നത്.ജൂലൈ 19നാണ് അതുല്യയെ ഷാർജ റോളയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനു പിന്നാലെയാണ് മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കൾ ചവറ പൊലീസിൽ പരാതി നൽകിയത്. ഭർത്താവിന്റെ ക്രൂരതകൾക്ക് തെളിവായി യുവതി സഹോദരിക്ക് അയച്ച വിഡിയോയും പൊലീസിന് കൈമാറിയിട്ടുണ്ട്. വിഡിയോയ്‌ക്കൊപ്പം പുറത്തുവന്ന ദൃശ്യങ്ങളിൽ അതുല്യയുടെ കൈകളിലും കഴുത്തിലും മുഖത്തുമെല്ലാം മുറിവേറ്റതിന്റെ പാടുകളുണ്ട്. അതുല്യയുടെ മരണം കൊലപാതകം ആണെന്നാണ് മാതാപിതാക്കളുടെ പരാതി. പിന്നാലെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു.