സുൽത്താൻ ബത്തേരി: വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ ഒരു അങ്കണവാടി സന്ദർശിക്കാനെത്തിയ പ്രിയങ്കാ ഗാന്ധി എംപി, കുട്ടികളോട് അവരുടെ ഇഷ്ട കളിപ്പാട്ടങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു. ഓരോ കുട്ടിക്കും ഇഷ്ടപ്പെട്ട കളിപ്പാട്ടത്തിന്റെ പേരും അവരുടെ പേരും ഒരു കടലാസിൽ കുറിച്ചെടുത്ത ശേഷം, അവർക്കായി കളിപ്പാട്ടങ്ങൾ നേരിട്ട് വാങ്ങാൻ കടയിലെത്തി.അമ്പലവയൽ പഞ്ചായത്തിലെ വരിപ്ര സ്മാർട്ട് അങ്കണവാടിയുടെ ഉദ്‌ഘാടന ചടങ്ങിനാണ് പ്രിയങ്ക ഗാന്ധി എത്തിയത്. കുട്ടികളുമായി സംസാരിക്കുകയും അവരുമായി കളിക്കുകയും മിഠായി വിതരണം ചെയ്യുകയും ചെയ്തശേഷമാണ് പ്രിയങ്ക അവിടെ നിന്ന് മടങ്ങിയത്. ശേഷം, യാക്കോബായ മെത്രാപ്പൊലീത്തയെ സന്ദർശിച്ചതിന് ശേഷം ബത്തേരി ടൗണിലെ ഒരു കളിപ്പാട്ടക്കടയിൽ വാഹനം നിർത്തി. അവിടെ കുട്ടികൾ ആവശ്യപ്പെട്ട കളിപ്പാട്ടങ്ങൾ സ്വയം തിരഞ്ഞെടുത്ത്, അത് കുട്ടികൾക്ക് എത്തിക്കാനുള്ള നിർദ്ദേശം നൽകിയാണ് പ്രിയങ്ക പോയത്.അങ്കണവാടിയിലെ കുട്ടികളോടൊപ്പം ചേർന്ന് നാടൻ പാട്ടുകൾ പാടിയും പ്രിയങ്ക സമയം ചെലവഴിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ പഞ്ചായത്ത് അംഗം സീത വിജയൻ, എം.യു. ജോർജ്ജ്, എം.സി. കൃഷ്ണകുമാർ, സി. ജെ. സെബാസ്റ്റ്യൻ, സി.ഡി.പി.ഒ. ആൻ ഡാർളി തുടങ്ങി നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.