കാളികാവ്: സ്വന്തം തോട്ടമാണെന്ന് വിശ്വസിപ്പിച്ച് സ്ഥലം പാട്ടത്തിന് നൽകുകയും പണം തട്ടുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ പിടിയിൽ. വണ്ടൂർ നരിമടക്കൽ കരുമാരോട്ട് മുഹമ്മദ് അഷ്റഫ് (55), പന്തപ്പള്ളി ചെരങ്ങാട്ടുപൊയിലിലെ ചെറുകാട് മുനവർ ഫൈറൂസ് (35) എന്നിവരെയാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരനായ പൂങ്ങോട് സ്വദേശിയിൽ നിന്ന് രണ്ട് ലക്ഷം രൂപയാണ് പ്രതികൾ തട്ടിയത്.മമ്പാട് പുള്ളിപ്പാടത്തെ അഞ്ച് ഏക്കർ കവുങ്ങിൻതോട്ടം കാണിച്ച് ആയിരുന്നു തട്ടിപ്പ് നടന്നത്. രണ്ടാംപ്രതിയായ മുനവർ ഫൈറൂസാണ് പരാതിക്കാരന് ഒന്നാംപ്രതിയായ മുഹമ്മദ് അഷ്റഫിനെ പരിചയപ്പെടുത്തിയത്. ഇയാൾക്ക് വിവിധ സ്ഥലങ്ങളിൽ തോട്ടം ഉള്ളതായി മുഹമ്മദ് അഷ്റഫ് പരാതിക്കാരനെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഒരു വർഷത്തെ വിളവ് എടുക്കുന്നതിന് പുള്ളിപ്പാടത്തെ കവുങ്ങിൻതോട്ടം രണ്ട് ലക്ഷം രൂപ പാട്ടം നിശ്ചയിച്ച് നൽകുകയും ചെയ്തു. പാട്ടത്തുക കൈമാറിയശേഷം വിളവെടുക്കാനായി പരാതിക്കാരന് തോട്ടത്തിൽ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. വിളവ് എടുക്കുന്നത് യഥാർഥ തോട്ടമുടമ കാണാനിടയായി. ആർക്കും ഭൂമി കൈമാറിയിട്ടില്ലെന്ന് പറഞ്ഞ് തോട്ടമുടമ വിളവെടുപ്പ് തടഞ്ഞു. ഇതിന് പിന്നാലെ പൂങ്ങോട് സ്വദേശി പരാതിയുമായി കാളികാവ് പോലീസിനെ സമീപിക്കുകയായിരുന്നു.തുടർന്ന് നടന്ന പോലീസ് അന്വേഷണത്തിൽ പ്രതികൾ പരാതിക്കാരന് നൽകിയ മേൽവിലാസം വ്യാജമാണെന് തെളിഞ്ഞു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ മുഹമ്മദ് അഷ്‌റഫിനെ ഐക്കരപ്പടിയിലെ വാടകവീട്ടിൽനിന്നും മുനവ്വർ ഫൈറൂസിനെ വീട്ടിൽനിന്നുമാണ് കാളികാവ് പോലീസ് പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ മുഹമ്മദ് അഷ്റഫ് സമാനമായ രീതിയിൽ മുൻപും തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. ഇത്തരത്തിൽ തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം ഉപയോഗിച്ച് മറ്റ് സ്ഥലങ്ങളിൽ പോയി വാടകയ്ക്ക് വീടെടുത്ത് ആർഭാട ജീവിതം നയിക്കുന്നതാണ് പ്രതികളുടെ രീതി എന്ന് പോലീസ് പറഞ്ഞു.