തിരുവനന്തപുരം: പെണ്‍സുഹൃത്തിനെ കളിയാക്കിയതിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠിയുടെ ക്രൂരമര്‍ദനം. ക്ലാസ് മുറിയിലിരിക്കുകയായിരുന്ന വിദ്യാർത്ഥിയെ സഹപാഠിയും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. സൈക്കിൾ ചെയിൻ ഉപയോഗിച്ചായിരുന്നു മര്‍ദനം. വിദ്യാർത്ഥി തടയാൻ ശ്രമിച്ചെങ്കിലും സഹപാഠികൾ ക്ലാസ് മുറിയിലിട്ട് മർദിച്ചു. കരവാരം വൊക്കേഷണൽ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം.രണ്ടാം വര്‍ഷ വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ വലതു കൈയ്ക്ക് പൊട്ടലേറ്റിട്ടുണ്ട്. തലയ്ക്കും പരിക്കുണ്ട്. വിദ്യാർത്ഥിയെ അവശ നിലയിൽ ക്ലാസ് മുറിയിൽ കണ്ടെത്തിയ മറ്റ് വിദ്യാർത്ഥികളാണ് വിവരം അധ്യാപകരെ അറിയിച്ചത്. ഇന്നലെയാണ് ക്രൂരമായ സംഭവം ഉണ്ടായത്. മര്‍ദനമേറ്റ കുട്ടിയുടെ അമ്മ സ്കൂളിലെ പിടിഎ പ്രസിഡന്‍റാണ്.നിലവില്‍ കുട്ടി കല്ലമ്പലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. കുട്ടിയെ ഉപദ്രവിക്കുമെന്ന് മര്‍ദിച്ച കുട്ടി സഹപാഠിക്ക് ഫോണിൽ സന്ദേശം അയച്ചെന്നും അമ്മ ആരോപിക്കുന്നു. കുട്ടിയെ ഉപദ്രവിക്കാൻ സഹപാഠികൾ ഏറെ നാളായി പദ്ധതി ഇട്ടിരുന്നെന്നും, പോലീസിൽ പരാതി നൽകുമെന്നും അമ്മ പറഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!