വന്ദേ ഭാരത് എക്സ്പ്രസ്സുകളിൽ, ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുൻപ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കി റെയിൽവേ. യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഇടയ്ക്കുള്ള സ്റ്റേഷനുകളിൽനിന്ന് തടസ്സരഹിതമായ കറന്റ് ബുക്കിങ് കാര്യക്ഷമമാക്കുന്നതിനും വേണ്ടിയുള്ള നീക്കമാണിത്.സതേൺ റെയിൽവേ (SR) സോണിന് കീഴിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകളിലാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. പുതിയ നിയമപ്രകാരം, വന്ദേ ഭാരത് ട്രെയിനുകളിലെ ഒഴിവുള്ള സീറ്റുകൾ ഇനി ഇടയ്ക്കുള്ള സ്റ്റേഷനുകളിൽനിന്നും കറന്റ് ബുക്കിങ്ങിനായി ലഭ്യമാകും.“ദക്ഷിണ റെയിൽവേയിൽനിന്ന് സർവീസ് ആരംഭിക്കുന്ന എട്ട് വന്ദേ ഭാരത് ട്രെയിനുകളിൽ ഇടയ്ക്കുള്ള സ്റ്റേഷനുകളിൽനിന്ന് ട്രെയിൻ പുറപ്പെടുന്നതിന് 15 മിനിറ്റ് മുൻപ് വരെ കറന്റ് റിസർവേഷൻ ചെയ്യാൻ സാധിക്കുമെന്ന് സോണൽ റെയിൽവേ പ്രസ്താവനയിൽ പറഞ്ഞു.