ന്യൂഡൽഹി: ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) സ്ഥാപക നേതാവും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഷിബു സോറൻ അന്തരിച്ചു. 81 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. ഡൽഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിൽ ചികിത്സയിലായിലിരിക്കെ ഇന്ന് രാവിലെയാണ് ഷിബു സോറൻ അന്തരിച്ചത്. മൂന്നു തവണ ജാർഖണ്ഡ് മുഖ്യമന്ത്രിയും എട്ടു തവണ ലോക്സഭാം​ഗവും രണ്ടു തവണ രാജ്യസഭാം​ഗവുമായിരുന്ന ഷിബു സോറൻ, കേന്ദ്രമന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.മകനും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനാണ് മരണ വാർത്ത അറിയിച്ചത്. ‘‘ആദരണീയനായ ഗുരു നമ്മളെ വിട്ടുപോയി. ഇന്ന് ഞാൻ ശൂന്യനായി’’– അച്ഛന്റെ വിയോഗവാർത്ത എക്സിലൂടെ അറിയിച്ച് ഹേമന്ത് സോറൻ കുറിച്ചു. ജാർഖണ്ഡ് മുക്തി മോർച്ച പാർട്ടിയുടെ സ്ഥാപക നേതാവായ ഷിബു സോറൻ നിലവിൽ ജാർഖണ്ഡിൽനിന്നുള്ള രാജ്യസഭാംഗമാണ്. മൻമോഹൻ സിങ് മന്ത്രിസഭയിൽ അംഗമായിരുന്നു.1944ലാണ് ഷിബു സോറൻ ജനിച്ചത്. അന്ന് ബിഹാറിന്റെ ഭാഗമായിരുന്ന രാംഗഡ് ജില്ലയിലാണ് ജനനം. സന്താൽ സമുദായാം​ഗമായ ഷിബു സോറൻ പിന്നീട് ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ അതികായന്മാരിൽ ഒരാളായി മാറി.1972ലാണ് ഷിബു സോറൻ ജാർഖണ്ഡ് മുക്തി മോർച്ച രൂപീകരിച്ചത്. ഇടതുപക്ഷ ട്രേഡ് യൂണിയൻ നേതാവ് എ.കെ. റോയിയുമായും കുർമി മഹാതോ നേതാവ് ബിനോദ് ബിഹാരി മഹാതോയുമായും ചേർന്നായിരുന്നു പുതിയ പാർട്ടിക്ക് രൂപംനൽകിയത്. 1980ൽ ദുംകയിൽ നിന്നാണ് അദ്ദേഹം ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇത് പിന്നീട് ജെഎംഎമ്മിന്റെ ശക്തികേന്ദ്രമായി മാറി. 2019ൽ ബിജെപിയുടെ നളിൻ സോറനോട് 45,000 ത്തിലധികം വോട്ടുകൾക്കാണ് ഷിബു സോറൻ പരാജയപ്പെട്ടത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!