പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ യുവതിയെ മരിച്ച നിലയിൽ എത്തിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ലൈംഗികാതിക്രമത്തിനിടെയുണ്ടായ ഗുരുതര പരിക്കുകളാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളും പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും ഇത് സാധൂകരിക്കുന്നു.പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം, അതിക്രമത്തിനിടെയുണ്ടായ ശ്വാസംമുട്ടലും ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതവുമാണ് മരണകാരണം. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് കൂടുതൽ നിയമനടപടികളിലേക്ക് കടന്നിട്ടുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് വണ്ടിത്താവളം സ്വദേശിയായ സുബയ്യൻ പോലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് ടൗൺ സൗത്ത് പോലീസ് അറിയിച്ചു.മരിച്ച യുവതിക്ക് ഏകദേശം 40 വയസ്സാണ് പ്രായം. തെരുവിൽ അലഞ്ഞുതിരിഞ്ഞു നടന്നുവന്നിരുന്ന ഇവരെ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് യുവതിയെ മരിച്ച നിലയിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.മീനാക്ഷിപുരം സ്വദേശിയായ ഒരു യുവാവാണ് രാത്രി ഏകദേശം 8:30 ഓടെ യുവതിയെ ആശുപത്രിയിലെത്തിച്ചത്. സ്റ്റേഡിയം സ്റ്റാൻഡ് പരിസരത്തെ ഒഴിഞ്ഞ പറമ്പിൽ യുവതി വീണുകിടക്കുകയായിരുന്നു എന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. എന്നാൽ, യുവാവ് അമിതമായി മദ്യപിച്ചിരുന്നതിനാൽ പ്രാഥമിക മൊഴിയിൽ വ്യക്തതയില്ലെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെ കേസിൽ കൂടുതൽ വ്യക്തത വരികയും അന്വേഷണം ഊർജിതമാക്കുകയും ചെയ്തിട്ടുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!