കൽപ്പറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബാണാസുര സാഗർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. നിലവിൽ 2, 3 ഷട്ടറുകൾ 75 സെൻറീമീറ്റർ ഉയർത്തിയിരിക്കുകയാണ്. ഇനിയും ജലനിരപ്പുയർന്നാൽ ഷട്ടറുകൾ 85 സെൻറീമീറ്ററായി ഉയർത്താനാണ് തീരുമാനമെന്ന് എക്സി. എൻജിനീയർ അറിയിച്ചു. അണക്കെട്ടിന്റെ പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവരും കരമാൻ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരും ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശം നൽകി.കോഴിക്കോട് കുറ്റ്യാടി കക്കയം ഡാമിൽ ജലനിരപ്പ് റെഡ് അലർട്ട് ലെവലിനേക്കാൾ മുകളിലാണ്. ഷട്ടറുകളിലൂടെ കൂടുതൽ ജലം ഒഴുക്കിവിടുകയാണ്. നദീ തീരത്തുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്മഴ കനത്തതോടെ ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. മങ്കൊമ്പിൽ പല പ്രദേശങ്ങളിലും വെള്ളം കയറിയ നിലയിലാണ്. കുട്ടനാടിന്റെ താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ജില്ലാ ഭരണകൂടം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനുള്ള തയ്യാറെടുപ്പുകളും നടന്നുവരുന്നു.അതെ സമയം, സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്. കേരളത്തിനു മുകളിൽ വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതാണ് കേരളത്തിൽ ശക്തമായ മഴക്കുള്ള കാരണം.കേരളാ തീരത്ത് 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. അതിനാൽ 30-ാം തിയതി വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. വിവിധ നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ നദീതീരത്തുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണം. മലയോര മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്