തിരുവനന്തപുരം : കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ട് ഭരണം സര്‍ക്കാർ ഏറ്റെടുത്തു. വൈദ്യുതി ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ടടക്കം സ്കൂൾ മാനേജ്മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി സിപിഎം നിയന്ത്രണത്തിലുള്ള മാനേജമെന്റിനെതിരെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് സ്കൂളിന്റെ താത്കാലിക ചുമതല നൽകി.നേരത്തെ സംഭവത്തിൽ മാനേജറുടെ വിശദീകരണം വിദ്യാഭ്യാസ വകുപ്പ് തേടിയിരുന്നു. മാനേജരുടെ വിശദീകരണം തള്ളിയാണ് സര്‍ക്കാര്‍ നടപടി. മാനേജരെ അയോഗ്യനാക്കി. നേരത്തെ മിഥുന്റെ മരണവുമായി ബന്ധപ്പെട്ട് പ്രധാന അധ്യാപികക്ക് എതിരെ മാത്രം നടപടി എടുത്ത് വിവാദമായിരുന്നു. പാർട്ടി മാനേജമെന്റിനെ സംരക്ഷിക്കുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നതോടെയാണ് മുഖം നോക്കാതെയുള്ള നടപടികളിലേക്ക് എത്തിയത്.കഴിഞ്ഞ ജൂലൈ 17ന് രാവിലെ തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിഥുൻ കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിപ്പോഴായിരുന്നു അപകടം. കെട്ടിടത്തിന്റെ മുകളിൽ ഉയർന്ന വോൾട്ടേജ് ലൈനുകൾ കടന്നുപോകുന്ന ഭാഗത്താണ് ചെരുപ്പ് വീണത്. അപകടത്തെ തുടർന്ന് സ്കൂൾ അധികൃതരും സഹപാഠികളും ചേർന്ന് മിഥുനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.