വൈത്തിരി: വാഹന പരിശോധനയ്‌ക്കെത്തിയ പോലീസിനെ കണ്ട് താമരശ്ശേരി ചുരം വ്യൂ പോയിന്റിൽ നിന്ന് കൊക്കയിലേക്ക് ചാടി രക്ഷപെട്ട യുവാവ് പിടിയിൽ. മലപ്പുറം സ്വദേശിയായ തിരൂരങ്ങാടി ചേറുമുക്ക് എടക്കണ്ടത്തില്‍ വീട്ടില്‍ ഷഫീഖ് (30) ആണ് പിടിയിലായത്. ലക്കിടിയില്‍ വയനാട് ഗേറ്റിന് സമീപം വെള്ളിയാഴ്ച വാഹനപരിശോധനയ്ക്കിടെയാണ് ഷഫീഖ് ഇയാളുടെ കാറിൽ നിന്ന് കൊക്കയിലേക്ക് ചാടി രക്ഷപ്പെട്ടത്. ഇന്ന് രാവിലെ പരിക്കേറ്റ നിലയിൽ നടന്നുപോകുമ്പോൾ നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. ഇയാളെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രാവിലെ വൈത്തിരി ഓറിയന്റല്‍ കോളേജിന് സമീപമുള്ള കാട്ടില്‍നിന്ന് ഒരാള്‍ പരിക്കുകളോടെ ഇറങ്ങി വരുന്നത് കണ്ട് പരിസരവാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഷഫീഖിനെ കസ്റ്റഡിയിലെടുത്തു.കാറിൽ എംഡിഎംഎ കടത്തുകയായിരുന്ന ഷെഫീക്ക് പൊലീസ് തടഞ്ഞപ്പോൾ ഇന്നലെ ചുരത്തിൽ നിന്ന് എടുത്തുചാടുകയായിരുന്നു. ഇന്നലെ ​ഗോവിന്ദച്ചാമി ജയിൽചാടിയതിന് പിന്നാലെ പൊലീസ് നടത്തിയ വാഹനപരിശോധനക്കിടെയാണ് ഷെഫീക്ക് ചുരത്തിലെ കൊക്കയിലേയ്ക്ക് ചാടിയത്. മുമ്പും ലഹരികേസിൽ പിടിക്കപെട്ടയാളാണ് ഷഫീക്. ഇയാളുടെ കാറില്‍നിന്ന് പോലീസ് 20.35 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു. പോലീസ് വാഹനം പരിശോധിക്കാനൊരുങ്ങവെ കാറിലുണ്ടായിരുന്ന ഷഫീഖ് പെട്ടെന്ന് ഇറങ്ങിയോടി, വയനാട് ഗേറ്റിനും ചുരം പോയിന്റിനും ഇടയില്‍ 20 അടിയോളം താഴ്ചയുള്ള ഭാഗത്തേക്ക് അപകടകരമായ വിധത്തില്‍ എടുത്തുചാടി.വീണിടത്തുനിന്ന് എഴുന്നേറ്റ് വനത്തിനുള്ളിലേക്ക് ഓടിയ യുവാവിനെ തേടി വൈത്തിരി, താമരശ്ശേരി പോലീസും സന്നദ്ധസംഘടനാപ്രവര്‍ത്തകരും പിന്നീട് സ്ഥലത്തെത്തിയ കല്പറ്റ അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് ഉച്ചവരെ തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ചാടിയ സ്ഥലത്തുനിന്ന് അരക്കിലോമീറ്ററോളം അകലെയുള്ള ഒരു നീര്‍ച്ചാലിന് സമീപംവരെ യുവാവിന്റെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും എങ്ങോട്ടാണ് പോയത് എന്നത് വ്യക്തമായിട്ടില്ല. ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തിയിട്ടും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇയാൾ സഞ്ചരിച്ച കാർ വെട്ടിപ്പൊളിച്ച് പരിശോധിക്കാനാണ് തീരുമാനമെന്നും രഹസ്യ അറകളുണ്ടാക്കി എംഡിഎംഎ സൂക്ഷിക്കാൻ സാധ്യതയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!