സുൽത്താൻബത്തേരി: മീൻ പിടിക്കുന്നതിനിടെ ചിറയിൽ വീണ രണ്ടു യുവാക്കളിൽ ഒരാൾ മരിച്ചു. ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി. വയനാട് സുൽത്താൻബത്തേരി നെന്മേനി ഗ്രാമപഞ്ചായത്തിലെ അമ്പുകുത്തി ഗോവിന്ദമൂല ചിറയിൽ ആണ് സംഭവം. മലവയൽ ചൂരക്കുനി ഷാലു(25)വാണ് മരിച്ചത്. ഇയാളൊടൊപ്പമുണ്ടായിരുന്നു മലവയൽ നീലമാങ്ങ കോളനിയിലെ തന്നെ അനീഷ്(26)നെയാണ് നാട്ടുകാർ രക്ഷപ്പെടുത്തി ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചിറയിൽ മീനിപിടിക്കുന്നതിനായി എത്തിയ ഇരുവരും ചൂണ്ടയിടുന്നതിനിടെ ചിറയിലേക്ക് തെന്നിവീഴുകയായിരുന്നു.ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. യുവാക്കൾ ചിറയിൽ പെട്ടത് സമീപത്തുണ്ടായിരുന്നവർ കാണുകയും ഇവർ ഉടനെ അനീഷിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. അപ്പോഴേക്കും ശാലു ചിറയിൽ മുങ്ങിപോകുകയുമായിരുന്നുവെന്നാണ് രക്ഷാസംഘത്തിലുണ്ടായിരുന്നവർ പറയുന്നു. തുടർന്ന് ബത്തേരിയിൽ നിന്നും ഫയർഫോഴ്‌സ് എത്തിയതിനുശേഷമാണ് തിരച്ചിൽ നടത്തി ഷാലുവിന്റെ മൃതദേഹം കണ്ടെടുത്തത്.മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റിയിരിക്കുകയാണ്. അനീഷ് അപകടനില തരണംചെയ്തിട്ടുണ്ട് രണ്ട് മാസം മുമ്പ് ഇതേ ചിറയിൽ അകപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചിരുന്നു. തുടർച്ചയായി ഗോവിന്ദമൂല ചിറയിൽ അപകടങ്ങൾ ഉണ്ടാകുന്നത് നാട്ടുകാരിൽ കടുത്ത പ്രതിഷേധത്തിന് കാരണമാക്കിയിട്ടുണ്ട്. വേലായുധൻ-സിന്ധു ദമ്പതികളുടെ മകനാണ് മരിച്ച ഷാലു. ശരത്, സുചിത് എന്നിവരാണ് സഹോദരങ്ങൾ