ചെന്നൈ: അശരണ കേന്ദ്രത്തിലെ അന്തേവാസികളെ മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ മലയാളി ദമ്പതികൾ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിലായി. തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ വിക്രവണ്ടിക്ക് സമീപം ഗുണ്ടലപ്പുലിയൂർ ഗ്രാമത്തിലാണ് സംഭവം. മൂവാറ്റുപുഴ സ്വദേശികളായ ബി.ജുബിൻ, ഭാര്യ ജെ.മരിയ എന്നിവരും മറ്റ് അഞ്ചുപേരുമാണ് അറസ്റ്റിലായത്. ‘അൻപുജ്യോതി ആശ്രമം’ എന്ന സ്ഥാപനം നടത്തുന്നവരാണ് അറസ്റ്റിലായവർ.ആശ്രമത്തിലെ അന്തേവാസികളെ ചങ്ങലയ്ക്കിടുകയും കുരങ്ങിനെ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തെന്നാണ് പരാതി. ഇതിന് പുറമേ പീഡന പരാതിയും ഉയർന്നിട്ടുണ്ട്. മദ്രാസ് ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ് ആശ്രമത്തിൽ നടന്ന ബലാത്സംഗ, പീഡന സംഭവങ്ങൾ പുറത്തുവന്നത്. 142 അന്തേവാസികളെ ഇവിടെ നിന്നും മോചിപ്പിച്ചു.യുഎസിൽ ജോലി ചെയ്യുന്ന സലിം ഖാനാണ് ആശ്രമത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യാപിതാവ് ജബറുല്ല 2021 ഡിസംബർ മുതൽ ഇവിടെയാണ് താമസിക്കുന്നത്. ഒരു വർഷത്തിനു ശേഷം എത്തിയപ്പോൾ അദ്ദേഹത്തെ കാണാനായില്ല. തുടർന്ന് ഖാൻ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ, വർഷങ്ങളായി ഷെൽട്ടർ ഹോമിൽ തടവുകാരെ ബലാത്സംഗം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തതായി പോലീസ് കണ്ടെത്തുകയായിരുന്നു.തന്നെ വർഷങ്ങളോളം ബലാത്സംഗത്തിനിരയാക്കിയതായി ഒഡിഷ സ്വദേശിയായ യുവതി രക്ഷാപ്രവർത്തകരോട് വെളിപ്പെടുത്തി. ലൈംഗിക ചൂഷണത്തെ എതിർത്തപ്പോഴൊക്കെ രണ്ട് കുരങ്ങുകൾക്കൊപ്പം കൂട്ടിലടച്ചതായും യുവതി വെളിപ്പെടുത്തുന്നു. ബലാത്സംഗ ശ്രമങ്ങളെ ചെറുത്തപ്പോഴൊക്കെ ക്രൂരമായ മർദ്ദനം നേരിടേണ്ടി വന്നെന്നും യുവതി വെളിപ്പെടുത്തി.കഴിഞ്ഞ 17 വർഷമായി അനധികൃതമായി പ്രവർത്തിക്കുന്ന ഷെൽട്ടർ ഹോമിനെതിരെ നടപടി ആരംഭിച്ചതായി അധികൃതർ അറിയിച്ചു.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 376 (ബലാത്സംഗത്തിനുള്ള ശിക്ഷ), 1998 ലെ തമിഴ്‌നാട് സ്ത്രീ പീഡന നിരോധന നിയമത്തിലെ സെക്ഷൻ 4 എന്നിവ പ്രകാരവും എട്ട് പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.അതേസമയം, ആരോപണങ്ങൾ എല്ലാം നിഷേധിക്കുകയാണ് ആശ്രമത്തിന്റെ ഉടമയായ ജുബിൻ. തങ്ങൾ തെരുവിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവർക്ക് അഭയം നൽകുക മാത്രമാണ് ചെയ്യുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. ഇത്രയും വർഷമായിട്ടും സ്ഥാപനത്തിനെതിരെ ഒരു പരാതിയും ഉണ്ടായിരുന്നില്ലെന്നും ഇപ്പോൾ ഇത്തരം ആരോപണങ്ങൾ ഉയരുന്നത് നിർഭാഗ്യകരമാണെന്നും ജുബിൻ മാധ്യമങ്ങളോട് പറഞ്ഞു.