തിരുവനന്തപുരം: ഇനി മുതൽ പാസ്പോർട്ട് എടുക്കാനായി ഓഫീസിൽ കയറിയിറങ്ങി ബുദ്ധിമുട്ടേണ്ട. അപേക്ഷ നൽകാനും വെരിഫിക്കേഷൻ നടത്താനുമെല്ലാം നിങ്ങളുടെ അരികിലേക്ക് എത്താൻ ഒരുങ്ങിയിരിക്കുകയാണ് പാസ്‌പോർട്ട് വാൻ. കാസർകോട്‌, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ മൊബൈൽ പാസ്‌പോർട്ട് വാഹനത്തിന്റെ സേവനം നേരത്തേ തുടങ്ങിയിരുന്നു. പാസ്‌പോർട്ട് വാഹനം കൂടുതൽ ജില്ലകളിലേക്ക് എത്തുന്നതോടെ പാസ്പോർട്ട് എടുക്കാൻ എത്തുന്നവർക്ക് ആശ്വാസമാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അപേക്ഷകർക്ക് വ്യാഴാഴ്ച മുതൽ പാസ്‌പോർട്ട് വാഹനത്തിന്റെ സേവനം ലഭ്യമാകും.അപേക്ഷന്റെ തൊട്ടടുത്ത പോസ്റ്റ്‌ ഓഫീസ്‌, പഞ്ചായത്ത്‌ ഓഫീസ്‌ എന്നിവിടങ്ങളിലെത്തി അപേക്ഷ നൽകാനും വെരിഫിക്കേഷൻ പൂർത്തിയാക്കാനുമാകും. ബയോമെട്രിക് സ്‌കാനിങ്, വിരലടയാളം, ഡോക്യുമെന്റ് വെരിഫിക്കേഷൻ, ഫോട്ടോഗ്രഫി എന്നീ സൗകര്യങ്ങളെല്ലാം ഉൾപ്പെട്ട ‘മിനി പാസ്‌പോർട്ട്’ ഓഫീസായി വാൻ പ്രവർത്തിക്കും. ആഴ്ചയിൽ മൂന്നുദിവസം ഒരു പ്രദേശത്ത് മൊബൈൽ വാനിന്റെ സേവനം ലഭ്യമാകും.സർക്കാരിന്റെ പാസ്‌പോർട്ട് വെബ്‌സൈറ്റിൽ ജില്ലകൾക്കൊപ്പം ‘വാൻ ഓപ്ഷൻ’ ഉണ്ടാകും. ലിങ്കിൽ ക്ലിക്ക് ചെയ്താൽ പാസ്‌പോർട്ട് വാഹനം എത്തുന്ന സ്ഥലവും ദിവസവും മുൻകൂട്ടി അറിയാനാകാം. ലിങ്കിലൂടെ അപേക്ഷകന് സ്ലോട്ട്‌ ബുക്ക്‌ ചെയ്യാം. തുടർന്ന് വാഹനം എത്തുന്ന ദിവസം നേരിട്ടെത്തി അപേക്ഷയും രേഖകളും സമർപ്പിക്കാം. പിന്നീട്‌ പോലീസ് പരിശോധന പൂർത്തിയാകുന്ന മുറയ്ക്ക്‌ ദിവസങ്ങൾക്കകം പാസ്‌പോർട്ട്‌ വീട്ടിലെത്തും.ജൂലായിൽ വർക്കല, കരുനാഗപ്പള്ളി പോസ്റ്റ് ഓഫീസുകൾക്കു കീഴിലാകും വാൻ എത്തുക. 10, 11, 15, 16, 17 എന്നീ തീയതികളിൽ കുടപ്പനക്കുന്ന് ജില്ലാ കളക്ടറേറ്റിൽ വാനിന്റെ സേവനം ലഭ്യമാകും. 10മുതൽ നാലുവരെയാണ് പ്രവർത്തനസമയം. www.passportindia.gov.in എന്ന വെബ്സൈറ്റ് വഴി മൊബൈൽ പാസ്പോർട്ട് വാനിന്റെ സേവനത്തിനായി ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 0471-2470225, 8089685796 എന്ന വാട്‌സാപ്പ് നമ്പരിലും റീജണൽ പാസ്പോർട്ട് ഓഫീസുകളിലും ബന്ധപ്പെടാം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!