കോഴിക്കോട്: ട്രെയിനിൽ യാത്രക്കാരന് എലിയുടെ കടിയേറ്റു. യശ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസിൽ സ്ലീപ്പർ കോച്ചിൽ ഉറങ്ങവെയാണ് യാത്രക്കാരന് ദുരനുഭവം ഉണ്ടായത്. കോഴിക്കോട് ചെറുപ്പ സ്വദേശി കെ സി ബാബുവിനെയാണ് എലി കടിച്ചത്. പുലർച്ചെ നല്ല ഉറക്കത്തിനിടയിലായിരുന്നു സംഭവം. കാലിൻ്റെ വിരലിന് പരുക്കേറ്റ ഇയാൾ മെഡിക്കൽ കോളേജിൽ ചികിത്സ തേടി.ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. യശ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസിൽ യശ്വന്ത്പൂർ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രക്കാരനായിരുന്നു 64 കാരനായ കെ സി ബാബു. സ്ലീപ്പർ കോച്ചിൽ ഉറങ്ങുന്നതിനിടെ ബാബുവിൻ്റെ കാലിൻ്റെ പെരുവിരലിൽ എലി കടിക്കുകയായിരുന്നു. തിരൂരിൽ ഇറങ്ങിയ മറ്റൊരാൾക്കും എലിയുടെ കടിയേറ്റതായി ബാബു പറഞ്ഞു. ട്രെയിനിൽ ഏലി ശല്യം കൂടുതലാണെന്നാണ് യാത്രക്കാരുടെ പരാതി.കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ എത്തിയ ഉടൻ റെയിൽവെ അധികൃതർ ബാബുവിന് പ്രാഥമിക ചികിത്സ നൽകി. കോച്ചിൽ വൃത്തിഹീന സാഹചര്യമായിരുന്നു. നിയമ നടപടി സ്വീകരിക്കുമെന്ന് ബാബു അറിയിച്ചു. ട്രെയിനിൽ എന്ത് വിശ്വസിച്ച് യാത്ര ചെയ്യുമെന്നും ബാബു ചോദിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ ബാബു വിഷബാധക്കെതിരായ വാക്സിൻ എടുത്തു. ഇനി 3 തവണ കൂടി കുത്തിവെയ്പ്പ് എടുക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!