കോഴിക്കോട്: സ്കൂളുകളിൽ സമയമാറ്റം നടപ്പിലാക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി സമസ്ത മദ്രസ മാനേജ്മെന്റ് അസോസിയേഷൻ. സ്കൂൾസമയം മാറ്റുന്നത് മദ്രസാ വിദ്യാഭ്യാസത്തിന് തടസ്സമാകുമെന്ന് സമസ്ത നേതാക്കൾ പറഞ്ഞു. രേഖാമൂലം സർക്കാരിനെ കാര്യങ്ങൾ അറിയിച്ചിട്ടും വിഷയം പരിഗണിക്കാൻ സർക്കാർ ഇതുവരെ തയ്യാറാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധത്തിനൊരുങ്ങുന്നത്.ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് സമരപ്രഖ്യാപനം നടത്തിയത്. വ്യാഴാഴ്ച ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് ടൗൺ ഹാളിൽ സമരപ്രഖ്യാപന കൺവൻഷൻ ചേരും. ഏറെനാളുകൾക്ക് ശേഷമാണ് സർക്കാരുമായി നേരിട്ട് ബന്ധപ്പെട്ട ഒരു വിഷയത്തിൽ സമസ്ത പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നത്.