കോഴിക്കോട്: കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിപ്പോയതിനെത്തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന 17 വയസുകാരൻ മരിച്ചു. മുക്കം മുത്താലം നെല്ലിക്കാപറമ്പ് സ്വദേശി ചിറ്റാംകണ്ടി അബ്ദുള്ളയുടെ മകന്‍ എന്‍പി ആബിദ് ആണ് മരിച്ചത്. ചേന്നമംഗലൂര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു ആബിദ്.മുക്കം പൊറ്റശ്ശേരിയിലെ ചിറക്കല്‍ ഭാഗത്തെ കുളത്തില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ആബിദും കൂട്ടുകാരും കുളിക്കാനായി എത്തിയത്. കുളിക്കുന്നതിനിടെ ആബിദ് മുങ്ങിപ്പോവുകയായിരുന്നു. കൂട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പ്രദേശവാസികളായ ആളുകൾ ചേർന്ന് ആബിദിനെ കരയ്‌ക്കെത്തിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയിരുന്നത്. എന്നാൽ വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്നലെ മരണം സ്ഥിരീകരിച്ചത്.പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂർത്തിയായ ശേഷം മൃതദേഹം ഇന്ന് മുത്താലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മാതാവ്: സുലൈഖ സഹോദരങ്ങള്‍: സുഹൈല്‍, സക്കീന.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!