കണ്ണൂർ: കണ്ണൂരിൽ ആൾക്കൂട്ടവിചാരണയെ തുടർന്ന് ജീവനൊടുക്കിയ യുവതിയുടെ ആൺസുഹൃത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി. ഇന്നു പുലർച്ചെയാണ് മയ്യിൽ സ്വദേശി റഹീസ് പിണറായി പോലീസ് സ്‌റ്റേഷനിൽ നേരിട്ടെത്തിയത്. ഇയാളുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷമാകും തുടർ നടപടികൾ. സംഭവത്തിന്റെ യഥാർത്ഥ ചിത്രം റഹീസിൽ നിന്നും ലഭിക്കുമെന്നാണ് പൊലീസിന്റെ നിഗമനം.കായലോട് പറമ്പായിയിലെ റസീനയുടെ ആത്മഹത്യ വിവാദമാകുന്നതിനിടെയാണ് റസീനയുടെ ആൺ സുഹൃത്ത് പൊലീസിനു മുന്നിൽ ഹാജരായത്. യുവതി ജീവനൊടുക്കിയത് ആൾക്കൂട്ടവിചാരണതന്നെയെന്ന് പോലീസ് വ്യക്തമാക്കുന്നത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധുക്കളിൽ നിന്നടക്കം വ്യത്യസ്ത ആരോപണങ്ങൾ ഉയരുന്നുണ്ട്.മകൾ ജീവനൊടുക്കിയത് ആൾക്കൂട്ട വിചാരണയെ തുടർന്നല്ലെന്നാണ് റസീനയുടെ മാതാവ് ഇന്നലെ വെളിപ്പെടുത്തിയത്. കൂത്തുപറമ്പ് പറമ്പായി ചേരിക്കമ്പനിക്കു സമീപം റസീന മൻസിലിൽ റസീന (40) ജീവനൊടുക്കിയ സംഭവത്തിലാണ് പൊലീസിനെ തള്ളി യുവതിയുടെ മാതാവ് ഫാത്തിമ രംഗത്തെത്തിയത്. റസീന മരിച്ചത് ആൾക്കൂട്ട വിചാരണയെ തുടർന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ, ആൺസുഹൃത്ത് കാരണമാണ് മകൾ ജീവനൊടുക്കിയതെന്നാണ് റസീനയുടെ മാതാവ് ആരോപിക്കുന്നത്. പൊലീസ് അറസ്റ്റ് ചെയ്തത് നിരപരാധികളെയാണെന്നും മാതാവ് കൂട്ടിച്ചേർത്തു.സഹോദരിയുടെ മകൻ ഉൾപ്പെടെയാണ് അറസ്റ്റിലായതെന്ന് ഫാത്തിമ പറഞ്ഞു. യുവാവിനൊപ്പം കാറിൽ കണ്ട റസീനയെ കാറിൽ നിന്നിറക്കി സ്കൂട്ടറിൽ വീട്ടിൽ കൊണ്ടാക്കുകയാണ് അവർ ചെയ്തത്. യാതൊരു പ്രശ്നത്തിനും പോകാത്ത ചെറുപ്പക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റസീനയ്ക്ക് അടുപ്പമുണ്ടായിരുന്ന യുവാവ് അവളെ ചൂഷണം ചെയ്യുകയായിരുന്നു. മൂന്നു വർഷമായി ബന്ധമുണ്ടായിരുന്നുവെന്ന കാര്യം ഇപ്പോഴാണ് അറിയുന്നത്.നാൽപതോളം പവൻ സ്വർണം നൽകിയാണ് വിവാഹം നടത്തിയത്. ഇപ്പോൾ സ്വർണമൊന്നുമില്ല. കൂടാതെ പലരിൽ നിന്നും കടം വാങ്ങിയിട്ടുമുണ്ടെന്നാണ് അറിയുന്നത്. പണം മുഴുവൻ കൊണ്ടുപോയത് യുവാവാണെന്നാണ് കരുതുന്നത്. ഭർത്താവ് വളരെ മാന്യനായ വ്യക്തിയാണ്. ഭർത്താവ് കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല. യുവാവ് സ്ഥിരമായി റസീനയെ കാണാൻ വരാറുണ്ടായിരുന്നുവെന്നാണ് അറിയുന്നത്. മയ്യിൽ സ്വദേശിയായ യുവാവിനെതിരെ പൊലീസിൽ പരാതി നൽകുമെന്നും ഫാത്തിമ പറഞ്ഞു. എന്നാൽ, റസീനയുടെ ആത്മഹത്യക്കുറിപ്പിൽ നിന്നുള്ള സൂചന പ്രകാരമാണ് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. തന്റെ മരണവുമായി ആൺ സുഹൃത്തിന് ബന്ധമില്ലെന്ന് ആത്മഹത്യക്കുറിപ്പിലുണ്ടെന്നാണ് സൂചന.