കണ്ണൂര്‍: കായലോട്ടെ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ആണ്‍സുഹൃത്ത് റഹീസിന്റെ പരാതിയില്‍ അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തില്‍ ഇന്ന് പിണറായി പോലീസ് സ്‌റ്റേഷനില്‍ ഹാജരായി മൊഴി നല്‍കിയ റഹീസ് തന്നെ അന്യായമായി സംഘംചേര്‍ന്ന് മര്‍ദിച്ചതിന്റെ പേരിൽ പരാതിയും നല്‍കിയിരുന്നു. ഇന്ന് രാവിലെയാണ് റസീനയുടെ ആൺ സുഹൃത്ത് പൊലീസിനു മുന്നിൽ ഹാജരായത്.സുഹൃത്തായ യുവതിക്കൊപ്പം താന്‍ കാറില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഒരു സംഘം അങ്ങോട്ടേക്കെത്തുകയും ബലംപ്രയോഗിച്ച് ഇറക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി. തന്റെ കൈവശമുണ്ടായിരുന്ന മൂന്ന് മൊബൈല്‍ ഫോണുകള്‍ കൈവശപ്പെടുത്തി. ഫോട്ടോകള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ശേഷം സ്‌കൂട്ടറിന്റെ തന്നെ ഒരു പറമ്പിലേക്ക് കൊണ്ടുപോയി മര്‍ദിച്ചെന്നും റഹീസിന്റെ പരാതിയില്‍ പറയുന്നു. യുവതിയുടെ മരണത്തില്‍ ആത്മഹത്യാപ്രേരണാ കുറ്റത്തിന് അറസ്റ്റിലായ മൂന്നുപേരെ കൂടാതെ രണ്ടുപേര്‍ കൂടി റഹീസിന്റെ പരാതിയില്‍ പ്രതികളാണ്. മുബഷിര്‍, ഫൈസല്‍, റഫ്‌നാസ്, സുനീര്‍, സക്കരിയ്യ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.കായലോട് പറമ്പായിയിലെ റസീനയുടെ ആത്മഹത്യ വിവാദമാകുന്നതിനിടെയാണ് റസീനയുടെ ആൺ സുഹൃത്ത് പൊലീസിനു മുന്നിൽ ഹാജരായത്. യുവതി ജീവനൊടുക്കിയത് ആൾക്കൂട്ടവിചാരണതന്നെയെന്ന് പോലീസ് വ്യക്തമാക്കുന്നത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധുക്കളിൽ നിന്നടക്കം വ്യത്യസ്ത ആരോപണങ്ങൾ ഉയരുന്നുണ്ട്.അതെ സമയം, മകൾ ജീവനൊടുക്കിയത് ആൾക്കൂട്ട വിചാരണയെ തുടർന്നല്ലെന്നാണ് റസീനയുടെ മാതാവ് ഇന്നലെ വെളിപ്പെടുത്തിയത്. കൂത്തുപറമ്പ് പറമ്പായി ചേരിക്കമ്പനിക്കു സമീപം റസീന മൻസിലിൽ റസീന (40) ജീവനൊടുക്കിയ സംഭവത്തിലാണ് പൊലീസിനെ തള്ളി യുവതിയുടെ മാതാവ് ഫാത്തിമ രംഗത്തെത്തിയത്. റസീന മരിച്ചത് ആൾക്കൂട്ട വിചാരണയെ തുടർന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ, ആൺസുഹൃത്ത് കാരണമാണ് മകൾ ജീവനൊടുക്കിയതെന്നാണ് റസീനയുടെ മാതാവ് ആരോപിക്കുന്നത്. പൊലീസ് അറസ്റ്റ് ചെയ്തത് നിരപരാധികളെയാണെന്നും മാതാവ് കൂട്ടിച്ചേർത്തു.