കൊല്ലം: പരവൂരിൽ ട്രെയിന് മുന്നിൽ ചാടി യുവതിയും കുഞ്ഞും ജീവനൊടുക്കിയ സംഭവത്തിന് പിന്നിലും സ്ത്രീധന പീഡനമെന്ന് റിപ്പോർട്ട്. പരവൂർ ഒഴുകുപാറ സ്വദേശി ശ്രീലക്ഷ്മി, ഒരു വയസുകാരനായ മകൻ സൂരജ് എന്നിവരാണ് ഇന്ന് വൈകിട്ട് നാലരയോടെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന നേത്രാവതി എക്സ്പ്രസിന് മുന്നിൽ ചാടി ജീവനൊടുക്കിയത്.2020ലാണ് യുവതി വിവാഹിതയായത്. മടവൂർ സ്വദേശി ഗ്രിന്റോ സുരേഷാണ് ശ്രീലക്ഷ്മിയുടെ ഭർത്താവ്. വിദേശത്തായിരുന്ന ഗ്രിന്റോ നാല് മാസങ്ങൾക്ക് മുൻപ് നാട്ടിലെത്തുകയും മടങ്ങുകയും ചെയ്തിരുന്നു. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും, ഭർതൃമാതാവും നിരന്തരം പീഡിപ്പിക്കാറുണ്ടെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം.ഒല്ലാൽ ലെവൽക്രോസിനു സമീപത്ത് ഞായറാഴ്ച വൈകിട്ട് 4.30നാണ് സംഭവം. തിരുവനന്തപുരം ഭാഗത്തേക്കുപോയ നേത്രാവതി എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചതെന്നാണ് സൂചന. ആത്മഹത്യ എന്നാണ് പ്രാഥമിക വിവരം.നേത്രാവതിയിലെ ലോക്കോപൈലറ്റ് പരവൂർ റെയിൽവേ സ്റ്റേഷനിലും തിരുവനന്തപുരം ഡിവിഷനൽ ഓഫിസിലും അറിയിച്ചതിനെ തുടർന്ന് കൊല്ലം ആർപിഎഫും പരവൂർ പൊലീസും സ്ഥലത്തെത്തി മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ശ്രീലക്ഷ്മിയുടെ അച്ഛൻ: സജീവ്, അമ്മ: സുനിത.