പത്തനംതിട്ട: വാടവവീട്ടിൽ താമസിച്ചിരുന്ന യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന യുവാവിനെ തേടി പൊലീസ്. പുന്തല തുളസീഭവനത്തിൽ സജിതയെ പന്തളത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടതിന് പിന്നാലെയാണ് ഇവർക്കൊപ്പം താമസിച്ചിരുന്ന തിരുവനന്തപുരം വെള്ളറട സ്വദേശി ഷൈജു ഒളിവിൽ പോയത്. ഇയാൾക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. ഷൈജുവിൻ്റെ ഫോൺ ഓഫായ നിലയിലാണ്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഷെെജു ഒളിവിൽ പോയിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് വ്യക്തമാക്കി.പന്തളം പൂഴിക്കാട്ട് തച്ചിരേത്ത് ലക്ഷ്മിനിലയത്തിൽ മൂന്നുവർഷമായി വാടകയ്ക്ക് താമസിച്ചിരുന്നവരാണ് ഷൈജുവും സജിതയും. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് സജിത കൊല്ലപ്പെട്ടത്. വിവാഹിതയായ സജിത ഏറെ നാളായി ഭർത്താവുമായി അകന്നു താമസിക്കുകയായിരുന്നു. ഇടയ്ക്ക് തിരുവല്ലയിൽ ഒരു ഷോപ്പിൽ യുവതി ജോലിക്ക് നിന്നിരുന്നു. ഇതിനിടെയാണ് യുവതി ഷെെജുവുമായി ഫേസ്ബുക്കിലൂടെ പരിചയത്തിലാകുന്നത്. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. സജിതയ്ക്ക് ഒപ്പം ഏറെ നാളായി ഷെെജു താമസിച്ചു വരികയായിരുന്നു.ഭർത്താവുമായി പൂർണ്ണമായി അകന്നതോടെയാണ് യുവതി ഷെെജുവിനൊപ്പം താമസമാരംഭിച്ചത്. കുറച്ചു കാലമായി ഇവർ വാടക വീടെടുത്ത് ഒരുമിച്ച് താമസിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അതേസമയം സമീപത്തെ വീട്ടുകാരുമായി അടുത്ത ബന്ധം ഇവർ പുലർത്തിയിരുന്നില്ലെന്നും അയൽക്കാർ പറയുന്നു.കഴിഞ്ഞ ദിവസം ഷെെജു തൻ്റെ സുഹൃത്തുക്കളെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. വീട്ടിലെത്തിയ സുഹൃത്തുക്കൾ കണ്ടത് തലയ്ക്ക് അടിയേറ്റ് രക്തം വാർന്നു കിടക്കുന്ന സജിതയെയാണ്. എന്നാൽ ഷെെജുവിനെ വീട്ടിൽ കാണാനും കഴിഞ്ഞില്ല. സജിതയ്ക്ക് പരിക്കേറ്റതായി സുഹൃത്തുക്കൾ അറിയിച്ചത് പ്രകാരം പൊലീസ് വീട്ടിലെത്തുകയായിരുന്നു. വീട്ടിൽ എത്തിയ പൊലീസ് രക്തം വാർന്ന നിലയിൽ കണ്ടെത്തിയ സജിതയെ ആശുപത്രിയിലാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൂടുതൽ പരിശോധനയിൽ തലയ്ക്ക് ഏറ്റ അടിയാണ് യുവതിയുടെ മരണത്തിന് കാരണമെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. പരിശോധനയിൽ യുവതിയുടെ തലയ്ക്കടിച്ച മരക്കഷ്ണം കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച് പരിശോധന നടത്തിയിരുന്നു. പരിശമാധനയിലാണ് മരണകാരണം തലയ്‌ക്കേറ്റ അടിയാലാണെന്ന് കണ്ടെത്തിയത്. ഷെെജുവിനെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെന്നും അതിനുശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പറയാൻ കഴിയുകയുള്ളു എന്നും പൊലീസ് അറിയിച്ചു.