കോഴിക്കോട്: കോഴിക്കോട് ഒമ്പതാംക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് സ്വകാര്യ ബസിലെ ജീവനക്കാർ. കോഴിക്കോട് കൂടത്തായി സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിയാണ് മർദ്ദനത്തിനിരയാത്. മർദ്ദനത്തിൽ വിദ്യാർത്ഥിക്ക് സാരമായ പരിക്കുണ്ട്. ബസിൽ കൺസഷൻ ടിക്കറ്റിൽ യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് അക്രമമുണ്ടായത്. പരിക്കേറ്റ കുട്ടിയെ താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു.ബസിൽ കയറിയ കുട്ടിയെ കണ്ടക്ടർ ബസിൽ നിന്ന് ഇറക്കിവിട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. കുട്ടി തിരിച്ചിറങ്ങി. ഇത് കണ്ട് സമീപത്തുണ്ടായിരുന്ന ടാക്സി ഡ്രൈവർ കുട്ടിയോട് ബസിൽ കയറാൻ ആവശ്യപ്പെട്ടു. എസ്‌ടി കാർഡ് കൈയ്യിലുണ്ടല്ലോയെന്നും കൺസഷൻ അവകാശമാണെന്നും ടാക്സി ഡ്രൈവർ കുട്ടിയോട് പറഞ്ഞു. ബസിൽ കയറിയ കുട്ടിയോട് കണ്ടക്ടർ ദേഷ്യപ്പെട്ടു. ഇതോടെ വിദ്യാർത്ഥികളെല്ലാം ഒരുപക്ഷത്തും കണ്ടക്ടർ മറുപക്ഷത്തുമായി. ഈ സമയത്താണ് കണ്ടക്ടർ വിദ്യാർത്ഥികളെ മർദ്ദിച്ചതെന്നും പരിക്കേറ്റ വിദ്യാർത്ഥി പറഞ്ഞു.