കൊച്ചി: എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലക്കേസിൽ പൊലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കേസിലെ ഏക പ്രതിയാണ് റിതു എന്ന യുവാവ്. അയല്‍വീട്ടില്‍ അതിക്രമിച്ചു കയറി ഒരു കുടുംബത്തിലെ മൂന്ന് പേരെ അതി ക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മാസം പതിനഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം.കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനിഷ എന്നിവരെയാണ് പ്രതി തലയ്ക്കടിച്ച് കൊന്നത്. ഗുരുതരമായി പരുക്കേറ്റ വിനിഷയുടെ ഭര്‍ത്താവ് ജിതിന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. റിതുവിന് മാനസിക വിഭ്രാന്തിയില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍. ആക്രമണം നടക്കുന്ന സമയത്ത് റിതു ലഹരി ഉപയോഗിച്ചിട്ടില്ലെന്ന സൂചനയും കുറ്റപത്രത്തിലുണ്ട്. നൂറിലധിക സാക്ഷികളും അമ്പതോളം അനുബന്ധ തെളിവുകളും ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം ഒരു മാസത്തിനകം തയാറാക്കിയിരിക്കുന്നത്.കഴിഞ്ഞ മാസം മുമ്പാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഒരു മതിലിനപ്പുറം താമസിക്കുന്നയാൾ കുഞ്ഞുങ്ങളുടെ മുന്നിൽ വെച്ച് അമ്മയെയും അപ്പൂപ്പനെയും അമ്മൂമയെയും തലക്കടിച്ചു കൊലപ്പെടുത്തി. അടിയേറ്റ അച്ഛൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. ക്രൂരകൃത്യത്തിന് ശേഷം പ്രതി പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.സ്ഥിരം ക്രിമിനലും അഞ്ച് കേസുകളിൽ പ്രതിയുമാണ് റിതു ജയൻ. 2021 മുതൽ ഇയാൾ പൊലീസ് നിരീക്ഷണത്തിലുമാണ്. കഴിഞ്ഞ നവംബറിലും ഡിസംബറിലും റിതുവിനെ അന്വേഷിച്ച് പൊലീസ് ചേന്നമംഗലത്ത് വീട്ടിൽ എത്തിയിരുന്നു. റിതുവിനെതിരെ നേരത്തെ ശക്തമായ നടപടി എടുത്തിരുന്നെങ്കിൽ ഈ ദാരുണ സംഭവം ഉണ്ടാകില്ലായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.