ഡൽഹി: പുതുവത്സരം പ്രമാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ ഇന്ത്യന്‍ മൊബൈല്‍ സര്‍വീസ് ഉപഭോക്‌താക്കള്‍ക്കും മൂന്ന് മാസത്തെ ഫ്രീ റീച്ചാര്‍ജ് നല്‍കുന്നതായി വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. റീച്ചാര്‍ജ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക എന്ന് ആഹ്വാനം ചെയ്യുന്ന ലിങ്കും ഇതോടൊപ്പമുണ്ട്. ഇതിൽ എന്തെങ്കിലും വസ്തുതയുണ്ടോ?പ്രചാരണംപ്രധാനമന്ത്രി ഫ്രീ റീച്ചാര്‍ജ് യോജന പദ്ധതി പ്രകാരം മൂന്ന് മാസത്തെ സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നു എന്നാണ് വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്നത്. ഡിസംബര്‍ 31 ആണ് റീച്ചാര്‍ജ് ചെയ്യാനുള്ള അവസാന തിയതി എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം സഹിതമുള്ള വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്നു.വസ്‌തുതഎന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാവര്‍ക്കും മൂന്ന് മാസത്തെ സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് നല്‍കുന്നതായുള്ള സന്ദേശം വ്യാജമാണ്. പ്രധാനമന്ത്രി ഫ്രീ റീച്ചാര്‍ജ് യോജന എന്നൊരു പദ്ധതി കേന്ദ്ര സര്‍ക്കാരിനില്ലെന്നും കേന്ദ്ര പദ്ധതികളെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്ന വ്യാജ പ്രചാരണങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്ക് കീഴിലുള്ള ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു.മുമ്പ് പല തവണ ഈ സന്ദേശം വാട്‌സ്ആപ്പില്‍ വൈറലായിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്തും മൂന്ന് മാസത്തെ സൗജന്യ മൊബൈല്‍ റീച്ചാര്‍ജിനെ കുറിച്ച് വ്യാജ പ്രചാരണമുണ്ടായിരുന്നു. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ പണം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.