തിരുവനന്തപുരം: ഉത്ര കൊലപാതക കേസ് പ്രതി സൂരജ് പരോള്‍ ലഭിക്കാന്‍ വ്യാജ രേഖ നല്‍കിയതില്‍ അന്വേഷണം ഊര്‍ജിതമാക്കി പൂജപ്പുര പൊലീസ്. സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറെ പൊലീസ് ചോദ്യം ചെയ്യും. പിതാവിന് ഗുരുതര രോഗമാണെന്നും പരോള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സൂരജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. ഇതിൽ സംശയം തോന്നിയ ജയില്‍ അധികൃതര്‍ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സൂരജ് ജീവപര്യന്തം കഠിന തടവ് അനുഭവിക്കുകയാണ്. ഇടക്ക് പരോളിന് ശ്രമിച്ചെങ്കിലും അപേക്ഷ തള്ളി. തുടർന്നായിരുന്നു വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പരോളിന് ശ്രമം നടത്തിയത്. സൂരജിന്റെ അമ്മയായിരുന്നു സര്‍ട്ടിക്കറ്റ് എത്തിച്ചു നല്‍കിയത്.സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറോട് പോലീസ് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചപ്പോളാണ് കള്ളത്തരം പൊളിഞ്ഞത്. സർട്ടിഫിക്കറ്റിൽ ഗുരുതര അസുഖമെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഡോക്ടര്‍ അറിയിച്ചു. ഇതോടെയാണ് സൂരജിനെതിരെ ജയില്‍ സുപ്രണ്ട് പൂജപ്പുര പൊലീസില്‍ പരാതി നൽകിയത്.