മൈസൂർ: പ്രമുഖ ഐടി കമ്പനിയായ മൈസൂർ ഇൻഫോസിസ് ക്യാമ്പസിൽ പുലി. ക്യാമ്പസിൽ പുലിയെത്തിയ വിവരമറിഞ്ഞതോടെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചിരിക്കുകയാണ് കമ്പനി. ഇന്ന് പുലർച്ചെയാണ് ക്യാമ്പസിൽ പുലിയെ കണ്ടത്. സിസിടിവി ദൃശ്യങ്ങളിലാണ് കെട്ടിടത്തിന്റെ അണ്ടർഗ്രൗണ്ട് പാർക്കിങ് സോണിൽ പുലിയുള്ളതായി കണ്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ ക്യാമ്പസിനുള്ളിൽ ആരും പ്രവേശിക്കരുതെന്ന കർശന നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുകയാണ് എച്ച് ആർ വിഭാഗം.വനംവകുപ്പിന്റെ 50 അംഗ സംഘം പുലർച്ചെ നാലുമണിയോടെ സ്ഥലത്തെത്തി. പുലിയെ പിടിക്കാനായി കൂടുകളും സ്ഥാപിച്ചു. ഡ്രോൺ ക്യാമറകൾ ഉപയോഗിച്ച് പുലിയുടെ നീക്കങ്ങൾ അറിയാനുള്ള ശ്രമം നടത്തി. രാത്രിയിലേക്ക് തെർമൽ ഡ്രോണുകളും ഉപയോഗിച്ചേക്കും. ഇതാദ്യമായല്ല ഇൻഫോസിസ് ക്യാംപസിൽ പുലിയെ കാണുന്നത്. 2011ലും ഇതിന് സമാന സംഭവം ഉണ്ടായിരുന്നു.സംരക്ഷിത വനമേഖലയോട് ചേർന്നാണ് ക്യാമ്പസ് പ്രവർത്തിച്ചു വരുന്നത്. കമ്പനിയിലാവട്ടെ 15,000ൽപ്പരം ജീവനക്കാരുമുണ്ട്. ഇൻഫോസിസിന്റെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പരിശീലന കേന്ദ്രമാണ് മൈസൂരിൽ സ്ഥിതി ചെയ്യുന്നത്. 370 ഏക്കർ വിസ്തൃതിയുള്ള ക്യാമ്പസിൽ പരിശീലനം നടത്തുന്നതാവട്ടെ 10,000ൽ അധികം വിദ്യാർഥികളും. ക്യാംപസിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ എജ്യുക്കേഷൻ സെന്ററിൽ 4,000 ട്രെയിനികളാണ് ഉള്ളത്