കാസര്‍കോട്: കുണ്ടംകുഴിയില്‍ അമ്മയേയും മകളേയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മകളെ കഴുത്ത് ഞെരിച്ച് അമ്മ കൊലപ്പെടുത്തിയെന്ന് ആണ് നിഗമനം. മരിച്ച ശ്രീനന്ദയുടെ കഴുത്തില്‍ കയറിന്‍റെ പാടുകള്‍ കണ്ടെത്തി. കഴുത്ത് ഞെരിഞ്ഞാണ് ശ്രീനന്ദ മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും.നീര്‍ക്കയയിലെ ചന്ദ്രന്റെ ഭാര്യ നാരായണി (45), മകള്‍ ശ്രീനന്ദ (13) എന്നിവരെയാണ് ഞായറാഴ്ച വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാരായണിയെ വീടിന്റെ ജനൽക്കമ്പിയിൽ തൂങ്ങി മരിച്ച നിലയിലും മകളെ കിടപ്പുമുറിയിൽ മരിച്ചുകിടക്കുന്ന നിലയിലുമാണു കണ്ടെത്തിയത്. ശ്രീനന്ദയുടെ വായിൽനിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു.നാരായണി മാനസികാസ്വാസ്ഥ്യം നേരിട്ടിരുന്ന വ്യക്തിയായിരുന്നു. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. ടൂറിസ്റ്റ് ബസിൽ ജോലി നോക്കുന്ന ഭർത്താവ് ചന്ദ്രൻ ഊട്ടിയിലേക്കു യാത്ര പോയപ്പോഴായിരുന്നു സംഭവം.രാവിലെ മുതല്‍ ഫോണ്‍ വിളിച്ച് കിട്ടാത്തതിനാല്‍ വൈകിട്ട് അഞ്ചരയോടെ അന്വേഷിച്ചെത്തിയ അയല്‍വാസികളാണ് മൃതദേഹം കണ്ടത്. ബീഡിതെറുപ്പ് തൊഴിലാളിയാണ് നാരായണി. കീഴൂരിലെ പരേതരായ രാമന്റെയും വെള്ളച്ചിയുടെയും മകളാണ്. സഹോദരങ്ങള്‍: രാഘവന്‍, ബാലകൃഷ്ണന്‍. കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് ശ്രീനന്ദ. വിനോദസഞ്ചാര ബസില്‍ ഡ്രൈവറായ ചന്ദ്രന്‍ കഴിഞ്ഞദിവസമാണ് ഊട്ടിലേക്ക് പോയത്. ബേഡകം പോലീസ് അന്വേഷണം തുടങ്ങി.അയല്‍വാസി ചന്ദ്രന്‍ വീട്ടില്‍ പോയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. ശനിയാഴ്ച വൈകിട്ട് നാരായണിയെയും ശ്രീനന്ദയെയും വീടിനുമുന്നില്‍ കണ്ടിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. ബീംബുങ്കാലില്‍ സ്വകാര്യ ബീഡിതെറുപ്പ് തൊഴിലാളിയായ നാരായണി ‘സമത’ കുടുംബശ്രീ യൂണിറ്റ് അംഗമാണ്. പഠിക്കാന്‍ മിടുക്കിയായ ശ്രീനന്ദ 2020-ല്‍ എല്‍.എസ്.എസ്. നേടിയിരുന്നു. മികച്ച മാര്‍ക്കോടെ വിജയിച്ചതിന് കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ. അനുമോദിച്ചത് അധ്യാപകര്‍ സങ്കടത്തോടെ ഓര്‍ക്കുന്നു. ബീംബുങ്കാല്‍ ധ്വനി സര്‍ഗവേദി ‘തളിര്’ ബാലവേദിയുടെ മികച്ച പ്രവര്‍ത്തകയാണ്.അവധി ദിവസങ്ങളില്‍ സ്ഥിരമായി അയല്‍വീടുകളില്‍ കൂട്ടുകാരോടൊപ്പം കളിക്കാനെത്തുന്ന ശ്രീനന്ദ ഞായറാഴ്ച എത്താതിരുന്നത് ഇങ്ങനെയൊരു കാരണത്താലാണെന്നറിയുമ്പോള്‍ കൂട്ടുകാര്‍ക്കും സങ്കടം നിയന്ത്രിക്കാനാകുന്നില്ല

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!