പാലക്കാട്: വിവാഹത്തിനുള്ള ഡ്രസ് കോഡിന് പണം നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വാഹനങ്ങൾ അടിച്ചു തകർത്തെന്ന് പരാതി. കോട്ടായ് സ്വദേശി മൻസൂറിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട എട്ടോളം വാഹനങ്ങളാണ് അക്രമിസംഘം തകർത്തത്. ഇന്ന് പുലർച്ചെ നാലോടെയാണ് സംഭവം. വീട്ടുടമയായ മൻസൂറിന്റെ സഹോദരനും സുഹൃത്തുക്കളും തമ്മിൽ ഡ്രസ് കോഡിന് പണം നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.സുഹൃത്തിന്റെ കല്യാണത്തിന് പോകാനായി എല്ലാവർക്കും ഒരേ ഡ്രസ്സ് എടുക്കാമെന്ന് തീരുമാനിച്ചിരുന്നു. വസ്ത്രത്തിന്റെ പണം കൊടുക്കാൻ ഞാൻ ഉൾപ്പടെ ചിലർ വൈകി. ഇതോടെ സുഹൃത്തുക്കളിലൊരാൾ രാത്രി വീട്ടിലെത്തി എന്നെ ആക്രമിച്ചു. പ്രശ്നം ഒത്തുതീർപ്പാക്കിയെങ്കിലും ഇയാൾ വീണ്ടും വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയതോടെ വെള്ളിയാഴ്ച പോലീസിൽ പരാതി കൊടുത്തു. തുടർന്ന് ഇവർ വീണ്ടും വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നുവെന്ന് മൻസൂർ പറഞ്ഞു. വീട്ടുമുറ്റത്തുണ്ടായിരുന്ന കാർ, ബൈക്ക്, ടിപ്പർ ലോറി, ട്രാവലറുകൾ എന്നിവ ഉൾപ്പടെ എട്ട് വാഹനങ്ങൾ ഇവർ അടിച്ചു തകർത്തു.